ഭോപ്പാല്‍- വനിതാ എസ്.ഐയെ വധുവാക്കി വിവാഹാലോചന നടത്തി കുപ്രസിദ്ധ ക്രിമിനലിനെ ക്ഷേത്രത്തിലെത്തിച്ച് പിടികൂടി. മധ്യപ്രദേശിലെ ഛത്താര്‍പുരിലാണ് സംഭവം.
ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ ബിജൗരി സ്വദേശി ബാല്‍കിഷന്‍ ചൗബെ എന്ന ക്രിമിനലിനെയാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്.
മധ്യപ്രദേശിലെ നൗഗോണില്‍ ഒരാളെ കൊലപ്പെടുത്തിയതടക്കം 16 കേസുകളിലെ പ്രതിയാണ് ഇയാള്‍. പിടികൂടാന്‍ സഹായകമായ വിവരം നല്‍കുന്നവര്‍ക്ക് പോലീസ് നേരത്ത 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പല തവണ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ചൗബെ പോലീസിനെ കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു. അതിനിടെയാണ് ഇയാള്‍ വിവാഹാലോചന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചത്. ഒടുവില്‍ അതേ മാര്‍ഗം തന്നെ ഉപയോഗിക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.
ഇതിനായി പുതിയ ഒരു സിം കാര്‍ഡ് എടുത്തശേഷം വനിതാ എസ്.ഐ ചൗബെയെ വിളിക്കുകയായിരുന്നു. അബദ്ധത്തില്‍ ഡയല്‍ ചെയ്തതാണെന്നാണ് ആദ്യം പറഞ്ഞത്. പോലീസ് പ്രതീക്ഷിച്ചതുപോലെ തന്നോട് സംസാരിച്ച യുവതിയെ കുറിച്ചുള്ള കാര്യങ്ങള്‍ ബാല്‍കിഷന്‍ ചൗബെ അന്വേഷിക്കുകയും നമ്പറിനെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു.
തുടര്‍ന്ന് ചൗബെ വനിത എസ്.ഐയെ തിരികെ വിളിക്കുകയും ഇരുവരും ഏറെ നേരം സംസാരിക്കുകയും ചെയ്തു. ഒരാഴ്ചക്കു ശേഷം വനിതാ എസ്.ഐ ചൗബെയോട് വിവാഹാലോചന നടത്തി.
ഒടുവില്‍ ഇരുവരും പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് പരസ്പരം കാണാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ക്ഷേത്രത്തിലെത്തിയ ബാല്‍കിഷന്‍ ചൗബെയെ വനിതാ എസ്.ഐ ഉള്‍പ്പെടെ യൂണിഫോം ഒഴിവാക്കി കാത്തുനിന്നിരുന്ന പോലീസ് സംഘം പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.