മുംബൈ- മഹാരാഷ്ട്രയില്‍ ശിവ സേന തലവന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായുള്ള പുതിയ മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകള്‍ പ്രധാന കക്ഷികളായി എന്‍സിപിക്കും കോണ്‍ഗ്രസിനും ലഭിച്ചേക്കും. ആഭ്യന്തരം, ധനകാര്യം, വനം-പരിസ്ഥിതി തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ എന്‍സിപിക്കും റെവന്യു, പൊതുമരാമത്ത് (പിഡബ്ല്യു), എക്‌സൈസ് വകുപ്പുകള്‍ കോണ്‍ഗ്രസിനും ശിവ സേനയ്ക്ക് നഗരവികസനം, ഹൗസിങ്, ജലസേചനം, എംഎസ്ആര്‍ഡിസി വകുപ്പുകളും ലഭിക്കാനിടയുണ്ടെന്നാണ് ചര്‍ച്ചകള്‍ നല്‍കുന്ന സൂചന. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം വന്നിട്ടില്ല. വിദ്യാഭ്യാസം, വ്യവസായം പോലുള്ള മറ്റു പ്രധാന വകുപ്പുകള്‍ ആര്‍ക്കു നല്‍കണമെന്ന കാര്യവും തീരുമാനമായിട്ടില്ല.
അതിനിടെ ഇന്നത്തെ വിശ്വാസ വോട്ടെടുപ്പിനു മുന്നോടിയായി ഇടക്കാല (പ്രൊടെം) സ്പീക്കറെ മാറ്റിയത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ബിജെപി നേതാവ് കാളിദാസ് കൊലംബക്കര്‍ ആയിരുന്നു ഇടക്കാല സ്പീക്കര്‍. കാളിദാസിനെ മാറ്റി സര്‍ക്കാര്‍ എന്‍സിപി നേതാവും മുന്‍ സ്പീക്കറുമായ ദിലീപ് വാസ്ലെ പാട്ടീലിനെ പ്രൊടെം സ്പീക്കറായി നിയമിക്കുകയായിരുന്നു. ദിലീപ്് പാട്ടീലായിരിക്കും വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുക. പ്രൊടെം സ്പീക്കറെ മാറ്റിയ നടപടി ചട്ടലംഘനമാണെന്നും ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും ബിജെപി പറഞ്ഞു. വേണ്ടി വന്നാല്‍ സൂപ്രീം കോടതിയെ സമീപിക്കുമെന്നും ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
പുതിയ നിയമസഭാ സ്പീക്കറെ ഞായറാഴ്ച നിയമിക്കും. ഇതിനു മുന്നോടിയായി സ്പീക്കര്‍ തെരഞ്ഞെടുപ്പു നടക്കും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി കിസാന്‍ റാത്തോഡിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണകക്ഷിയായ മഹാ വികാസ് അഘാഡിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍ നിന്നാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ നാന പട്ടോലെ ആണ് സ്പീക്കറായി നാമനിര്‍ദേശം നല്‍കിയത്. പ്രൊടെം സ്പീക്കറെ മാറ്റിയ നടപടിയില്‍ ചട്ട ലംഘനം നടന്നിട്ടില്ലെന്ന് നാന പട്ടോലെ പറഞ്ഞു.