മുംബൈ- മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ത്രികക്ഷി സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വോട്ടെടുപ്പ്. എന്‍.സി.പി എംഎല്‍എ ദിലിപ് വാല്‍സെ പാട്ടീലിനെ താത്കാലിക സ്പീക്കറായി നിശ്ചയിച്ചിട്ടുണ്ട്.
ഡിസംബര്‍ മൂന്നിനകം ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിരുന്നത്. 288 അംഗ നിയമസഭയില്‍ 162 എം.എല്‍.എ.മാരുടെ പിന്തുണയുണ്ടെന്നാണ് ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി. എന്നിവ ചേര്‍ന്ന് രൂപീകരിച്ച മഹാ വികാസ് അഗാടി സഖ്യം അവകാശപ്പെടുന്നത്.
ബി.ജെ.പി. 105, ശിവസേന 56, എന്‍.സി.പി. 54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് പ്രധാനകക്ഷികളുടെ അംഗബലം. സ്വതന്ത്രരും ചില ചെറു പാര്‍ട്ടികളും ത്രികക്ഷി സഖ്യത്തെ പിന്തുണക്കുന്നുണ്ട്. 145 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
അജിത് പവാറിലൂടെ അട്ടിമറി നടത്തി നാണംകെട്ട ബി.ജെ.പി ഇനി അതിന് മുതിരാനിടയില്ല.
ഉദ്ധവ് താക്കറെയ്‌ക്കൊപ്പം മൂന്ന് പാര്‍ട്ടികളില്‍ നിന്നുമായി രണ്ടു വീതം എം.എല്‍.എമാര്‍ വ്യാഴാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ഉപമുഖ്യമന്ത്രിസ്ഥാനം എന്‍സിപിക്കും സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും നല്‍കാനാണ് തീരുമാനിച്ചിരുന്നത്.
എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍ സ്പീക്കറായും ചുമതലയേല്‍ക്കുമെന്നാണ് സൂചന. ഡിസംബര്‍ മൂന്നിനാണ് മന്ത്രിസഭാവികസനം.