Sorry, you need to enable JavaScript to visit this website.

മൂന്നുവയസുകാരിയെ കൊലപ്പെടുത്തിയതിന് പരസ്യവധശിക്ഷ നടപ്പാക്കി

സൻആ- മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 41-കാരന് യെമനിൽ പരസ്യ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് അൽ മഗ്‌രിബി എന്നയാളെയാണ് പൊതുജന മധ്യത്തിൽ വെടിവെച്ചുകൊന്നത്. നൂറുകണക്കിനാളുകൾ നോക്കിനിൽക്കെയായിരുന്നു വധശിക്ഷ. ബനൂ മത്താർ ഗോത്രത്തിൽനിന്നുള്ള പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്തുകൊല്ലുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിൽനിന്നുള്ള അക്രമം ഭയന്ന് വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. 
സൻആയിലെ തഹ്‌രീൽ സ്‌ക്വയറിലായിരുന്നു വധശിക്ഷയെന്ന് റോയിട്ടർ ഫോട്ടോഗ്രാഫർ ഖാലിദ് അബ്ദുല്ല പറഞ്ഞു. അഞ്ചു പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇയാളെ വധശിക്ഷ നടപ്പാക്കുന്നതിനായി എത്തിച്ചത്. സമീപത്തുള്ള ടെലിഫോൺ പോസ്റ്റുകളിലും കെട്ടിടങ്ങളുടെ മുകളിലുമെല്ലാം നിരവധി പേർ ശിക്ഷ നടപ്പാക്കുന്നതിന് സാക്ഷികളായി. 


വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ആരാച്ചാരോട് പ്രതി സംസാരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, ആരാച്ചാർ ഇതൊന്നും ശ്രദ്ധിക്കാതെ സിഗരറ്റ് വലിച്ചിരിക്കുകായിരുന്നു. അധികം വൈകാതെ ആരാച്ചാർ പ്രതിയുടെ തലയിലേക്ക് എ.കെ 47 തോക്ക് ഉപയോഗിച്ച് നിറയൊഴിച്ചു. നാലു തവണയാണ് തലയിലേക്ക് നിറയൊഴിച്ചത്. വധശിക്ഷ നടപ്പാക്കി എന്നറിഞ്ഞ ഉടൻ ജനങ്ങൾ മൃതദേഹത്തിനടുത്തേക്ക് ഓടിയെത്താൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. മൃതദേഹവുമായി പോലീസ് തിരിച്ചുപോയി. 


വധശിക്ഷ നടപ്പാക്കിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ഇരയുടെ പിതാവ് യഹ്‌യ അൽ മതാരി പറഞ്ഞു. ഇയാളുടെ മൂന്നുവയസുള്ള റന അൽ മതാരിയെയാണ് പ്രതി ബലാത്സംഗം ചെയ്ത് കൊന്നത്. തനിക്ക് ആശ്വാസമായെന്നും യഹ്‌യ വ്യക്തമാക്കി. 2009ന് ശേഷം ഇതാദ്യമായാണ് യെമനിൽ പരസ്യമായി വധശിക്ഷ നടപ്പാക്കുന്നത്. 

Latest News