ന്യൂദല്‍ഹി- തീപ്പൊരി നേതാവ് സാധ്വി പ്രജ്ഞാ സിംഗ് താക്കുറിന്റെ ദേശ വിരുദ്ധ പ്രസ്താവനകളെ ബി.ജെ.പി അപലപിച്ചെങ്കിലും എന്തുകൊണ്ട് അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന ചോദ്യവുമായി കോണ്‍ഗ്രസ്.
നടപടിയെടുക്കുന്നില്ലെങ്കില്‍ അതിനര്‍ഥം പ്രജ്ഞയുടെ വിശ്വാസത്തെയും നടപടികളേയും പാര്‍ട്ടി അംഗീകരിക്കുന്നുവെന്നാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പ്രജ്ഞയെ പുറത്താക്കാന്‍ ബി.ജെ.പി തയാറാകണം.
ഗോഡ്‌സെ ഭീകരനാണോ എന്ന ചോദ്യത്തിന് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അതെ, അല്ല എന്ന് ലളിതമായി ഒറ്റവാക്കില്‍ മറുപടി നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.