ഹൈദരാബാദ്- തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയില്‍ മൃഗഡോക്ടറായ വനിതയെ രാത്രി സ്‌കൂട്ടറില്‍ ഒറ്റയ്ക്കു യാത്ര ചെയ്യവെ ഒരു സംഘമാളുകള്‍ പിടികൂടി കൂട്ട ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി കാണാതായ 26കാരിയായ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ നിന്ന് ലഭിച്ച ആഭരണത്തില്‍ നിന്നാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. വീട്ടില്‍ നിന്നും ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ ശംഷാബാദ് ടോള്‍ ബൂത്തിനു സമീപം സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത ഒരു ടാക്‌സി വിളിച്ച് മറ്റൊരു ഡോക്ടറെ കാണാന്‍ പോയതായിരുന്നു യുവതി. രാത്രി ഒമ്പതു മണിയോടെ തിരിച്ചെത്തിയ യുവതി തന്റെ സ്‌കൂട്ടറിന്റെ ടയര്‍ കാറ്റൊഴിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ സഹോദരിയെ വിളിച്ച് ഇക്കാര്യം പറയുകയും സമീപത്തെ ട്രക്കുകളും പരിചയമില്ലാത്ത ആളുകളും കാരണം ഭയപ്പെടുന്നതായും അറിയിച്ചിരുന്നു. ഇതിനിടെ സ്‌കൂട്ടര്‍ നന്നാക്കാന്‍ സഹായിക്കാമെന്ന് ഒരാള്‍ പറയുന്നതായും ഫോണില്‍ കേട്ടിരുന്നു. പഞ്ചറായ സ്‌കൂട്ടര്‍ നന്നാക്കാന്‍ സമീപത്ത് കടകളൊന്നുമില്ലെന്ന് അറിയിച്ചപ്പോള്‍ അവിടെ നിര്‍ത്തി തിരിച്ചു വരാന്‍ ആവശ്യപ്പെട്ടിരുന്നതായും രാവിലെ നന്നാക്കാമെന്ന് നിര്‍ദേശിച്ചിരുന്നതായും സഹോദരി പറയുന്നു.
സമീപത്തുള്ള ട്രക്ക് ഡ്രൈവര്‍മാരുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നുന്നതായും പേടിച്ചിരിക്കുകയാണെന്നും യുവതി ഫോണില്‍ പറഞ്ഞിരുന്നതായി സഹോദരി പറയുന്നു. 9.15നാണ് ഫോണില്‍ സംസാരിച്ചത്. പിന്നീട് വിളിച്ചപ്പോള്‍ കിട്ടിയില്ലെന്നും സഹോദരി പോലീസിനോട് പറഞ്ഞു. വ്യാഴാഴ്ചയാണ് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ സമീപത്തെ ഒരു കലുങ്കില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ട വഴിപോക്കര്‍ പോലീസിനു വിവരം നല്‍കുകയായിരുന്നു. യുവതി കൊല്ലപ്പെടുന്നതിനു മുമ്പ് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടതായി സൂചനയുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നാലു ട്രക്ക് ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ടോള്‍ ബൂത്തിനു സമീപം യുവതിയെ നോട്ടമിട്ട പ്രതികള്‍ യുവതിയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കുകയും പിന്നീട് സഹായിക്കാമെന്ന വ്യാജേന എത്തി യുവതിയെ പിടികൂടി കൊണ്ടു പോകുകയുമായിരുന്നെന്നാണ് സംശയിക്കപ്പെടുന്നത്.
അതിനിടെ കൊല്ലപ്പെട്ട യുവതിയെ കുറ്റപ്പെടുത്തിയുള്ള തെലങ്കാന ആഭ്യന്തര മന്ത്രി മഹ്മൂദ് അലിയുടെ പ്രതികരണം വിവാദമായി. അപടക സാധ്യതയുള്ള സാഹചര്യങ്ങളില്‍ പോലീസിനെയാണ് വിളിക്കേണ്ടത് സഹോദരിയെ അല്ലെന്നായിരുന്നു അലിയുടെ പ്രതികരണം. യുവതി വിദ്യാഭ്യാസമുള്ള ആളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പോലീസിനെ വിവരമറിയിക്കാതെ കുടുംബത്തിനു ഫോണ്‍ ചെയ്തത് ദൗര്‍ഭാഗ്യകരമായെന്നും മന്ത്രി പറഞ്ഞു.