ന്യൂദല്‍ഹി- ശ്രീലയങ്കയ്ക്ക് ഇന്ത്യ 450 ദശലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്ഷെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ ദല്‍ഹിയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇതില്‍ 400 ദശലക്ഷം ഡോളര്‍ ലങ്കയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനുമുള്ള വായ്പയാണ്. 50 ദശലക്ഷം ഡോളര്‍ ഭീകരതയ്‌ക്കെതിരായ പോരാട്ടതിനുള്ള സഹായമാണ്. ഇരു രാജ്യങ്ങളും ശക്തമായ ബന്ധം പങ്കിടുന്നവരാണെന്നും കരുത്തുറ്റ ശ്രീലങ്ക എന്നത് ഇന്ത്യയുടെ മാത്രം താല്‍പര്യമല്ലെന്നും ഇന്ത്യന്‍ മഹാസമുദ്ര മേഖലയ്ക്ക് ഒന്നാകെ ആവശ്യമാണെന്നും ഇരു നേതാക്കളും കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. അയല്‍പക്കത്തിന് ആദ്യ പരിഗണന നല്‍കുക എന്നതാണ് ഇന്ത്യയുടെ നയം. അതു കൊണ്ട് ശ്രീലങ്കയുമായുള്ള ബന്ധത്തിന് മുന്‍ഗണനയുണ്ടെന്നും മോഡി പറഞ്ഞു.
ഇന്ത്യ സഹായിച്ച ഭവനനിര്‍മ്മാണ പദ്ധതി പ്രകാരം ശ്രീലങ്കയില്‍ 46,000 വീടുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും തമിഴ് വംശജര്‍ക്കു വേണ്ടി 14,000 വീടുകള്‍ നിര്‍മാണത്തിലാണെന്നും മോഡി പറഞ്ഞു. സൗരോര്‍ജ പദ്ധതിക്കായി 100 ദശലക്ഷം ഡോളറിന്റെ വായ്പയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാജപക്ഷെ ഇന്ത്യയിലെത്തിയത്. ശ്രീലങ്കയില്‍ പ്രസിഡന്റായി അധികാരമേറ്റതിനു ശേഷമുള്ള ആദ്യത്തെ വിദേശ സന്ദര്‍ശനമാണിത്.