ടെക്‌സസ്- നിത്യ ചെലവുകള്‍ കണ്ടെത്തനായി പണം സ്വരൂപിക്കുന്നതിന് ദിവസവും 22 കിലോമീറ്ററോളം കാല്‍നടയായി ജോലിക്കെത്തുന്നു റസ്ട്രന്റ് ജീവനക്കാരിക്ക് രണ്ടു ഉപഭോക്താക്കള്‍ ചേര്‍ന്ന് ടിപ് ആയി നല്‍കിയത് ഒരു കാര്‍! പ്രമുഖ യുഎസ് ഭക്ഷണശാലാ ശൃംഖലയായ ഡെന്നിസിന്റെ ടെക്‌സസിലെ ഗാല്‍വെസ്റ്റന്‍ ഔട്‌ലെറ്റില്‍ പ്രാതല്‍ കഴിക്കാനെത്തുന്ന ദമ്പതികളാണ് അഡ്രിയാന എഡ്വേഡ് എന്ന വിളമ്പുകാരിക്ക് ഓര്‍ക്കാപ്പുറത്ത് കിടിലന്‍ സമ്മാനം നല്‍കിയത്. എല്ലാം സ്വപ്‌നത്തിലെന്ന പോലെ എന്നായിരുന്നു അഡ്രിയാനയുടെ പ്രതികരണം. ഒരുപാട് ചെലവുകളുണ്ട്. പണം ഇല്ലാത്തതിനാല്‍ സ്വന്തമായി കാറും വാങ്ങാന്‍ ശേഷിയില്ല. കാര്‍ വാങ്ങുന്നതിന് പണം സ്വരൂപിക്കുന്നതിനാണ് വണ്ടിക്കൂലി മിച്ചംവച്ച് നടക്കാന്‍ തീരുമാനിച്ചതെന്നും അഡ്രിയാന പറഞ്ഞു. ഇവരുടെ കഥ അറിഞ്ഞ ദമ്പതികള്‍ കാര്‍ വാങ്ങി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നിസാന്‍ സെന്‍ട്ര കാറാണ് ഇവര്‍ സമ്മാനമായി നല്‍കിയത്.
പേരുകള്‍ വെളിപ്പെടുത്താന്‍ ആഗ്രമില്ലാത്ത ദമ്പതികള്‍ ഒരു അപേക്ഷ മാത്രമാണ് കാറിനു പകരമായി മുന്നോട്ടു വച്ചത്. പകരം അനുകമ്പ മാത്രം മതിയെന്ന്. ഇതു മാനിക്കുമെന്നും അഡ്രിയാന പറഞ്ഞു. കാര്‍ ലഭിച്ചതോടെ തന്റെ യാത്രാ സമയം അര മണിക്കൂര്‍ ലാഭിക്കാനായെന്നും അവര്‍ പറഞ്ഞു.