മുംബൈ- മഹാരാഷ്ട്രയിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റി നിർത്തിയ പോലെ ഗോവയിലും ഉടൻ അട്ടിമറിയുണ്ടാകുമെന്ന് ശിവസേന മുന്നറിയിപ്പ്. ശിവസേന നേതാവ് സഞ്ജയ് റാവത്താണ് മുന്നറിയിപ്പ് നൽകിയത്. ഗോവ മുൻ ഡപ്യൂട്ടി മുഖ്യമന്ത്രിയും ഗോവ ഫോർവേർഡ് പാർട്ടി നേതാവുമായ വിജയ് ദേശായ് തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പുതിയ രാഷ്ട്രീയ സഖ്യം ഗോവയിൽ ഉടൻ രൂപപ്പെടുമെന്നും റാവത്ത് പറഞ്ഞു. ഗോവയിൽ ഉടൻ ഒരു അത്ഭുതം നിങ്ങൾക്ക് കേൾക്കാമെന്നും റാവത്ത് പറഞ്ഞു. രാജ്യം മുഴുവൻ ഈ മാറ്റമുണ്ടാകും. മഹാരാഷ്ട്രക്ക് ശേഷം ഗോവയിലേക്കാണ്. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ അത്ഭുതം പടരും. ബി.ജെ.പി ഇതര മുന്നണി രാജ്യം മുഴുവൻ വരുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. സഞ്ജയ് റാവത്തുമായി സംസാരിച്ച കാര്യം വിജയ് ദേശായി സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ സംഭവിച്ചത് ഗോവയിലുമുണ്ടാകും. പ്രതിപക്ഷം ഒന്നിച്ചുനിൽക്കുമെന്നും ബി.ജെ.പിയെ വൈകാതെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്നും വിജയ് ദേശായി പറഞ്ഞു. 2017-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് വന്നെങ്കിലും പ്രതിപക്ഷത്ത്‌നിന്ന് ചില കക്ഷികളെ തങ്ങൾക്കൊപ്പം കൂട്ടി പതിമൂന്ന് പേരെ മാത്രം ജയിപ്പിച്ച ബി.ജെ.പി അധികാരത്തിലെത്തുകയായിരുന്നു. മനോഹർ പരിക്കറിന്റെ മരണശേഷം വിജയ് സാവന്ത് മുഖ്യമന്ത്രിയാകുകയും ആ മന്ത്രിസഭയിൽ വിജയ്‌ദേശായ് ഉപമുഖ്യമന്ത്രി പദവി വഹിക്കുകയും ചെയ്തു. എന്നാൽ ഇക്കഴിഞ്ഞ ജൂലൈയിൽ അദ്ദേഹത്തെ പദവിയിൽനിന്ന് നീക്കി. കോൺഗ്രസിൽനിന്ന് പത്ത് എം.എൽ.എമാരെ സ്വന്തം പക്ഷത്തേക്ക് നീക്കിയാണ് ബി.ജെ.പി അധികാരം മുന്നോട്ടുകൊണ്ടുപോയത്. ഇവർക്ക് പിന്നീട് കാബിനറ്റ് പദവിയും നൽകി. ഇവരടക്കം നിലവിൽ ബി.ജെ.പിക്ക് 27 അംഗങ്ങളുടെ പിന്തുണയാണ് ഗോവ നിയമസഭയിലുള്ളത്.