നാഗ്പുർ- തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ വിവരം രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ടു ക്രിമിനല്‍ കേസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നാഗ്പുർ കോടതി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സമൻസ് നല്‍കി. ഫഡ്‌നാവിസിന്റെ നാഗ്പുരിലുള്ള വീട്ടിലേക്കാണ് സമൻസ് എത്തിച്ചത്. സദർ പോലീസാണ് സമൻസ് നൽകിയത്. നവംബർ ഒന്നിനാണ് ഫഡ്‌നാവിസിനെതിരായ പരാതിയിൽ നടപടി സ്വീകരിക്കാൻ നാഗ്പുർ കോടതി അനുമതി നൽകിയത്. നാഗ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതീഷ് ഉകെ എന്ന അഭിഭാഷകനാണ് പരാതി നൽകിയത്. നേരത്തെ ഹൈക്കോടതി സതീഷ് ഉകെയുടെ പരാതിയിൽ തുടർനടപടികൾ സ്റ്റേ ചെയ്തിരുന്നു. എന്നാൽ സുപ്രീം കോടതി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തു. തുടർന്നാണ് നാഗ്പുർ കോടതി തുടർനടപടികൾ സ്വീകരിച്ചത്.