ന്യൂദൽഹി- മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെ ദേശഭക്തനെന്ന് വിളിച്ചതിൽ മാപ്പ് പറഞ്ഞ് ബി.ജെ.പി എം.പി പ്രജ്ഞാ സിംഗ് താക്കൂർ. തന്റെ പ്രസ്താവന ആരെയെങ്കലും വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നെന്നും ഗാന്ധിജിയെ ഒരിക്കലും ഇകഴ്ത്തിയിട്ടില്ലെന്നും പ്രജ്ഞ സിംഗ് താക്കൂർ പാർലമെന്റിൽ പറഞ്ഞു. എന്റെ പ്രസ്താവന ചിലർ വളച്ചൊടിക്കുകയായിരുന്നുവെന്നും എന്നെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തീവ്രവാദിയായി ചിത്രീകരിച്ചുവെന്നും പ്രജ്ഞ സിംഗ് പറഞ്ഞു. ഞാൻ പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റുകയായിരുന്നു. രാഷ്ട്രത്തിന് വേണ്ടി ഗാന്ധിജി നൽകിയ സംഭാവനകളെ ഞാൻ ബഹുമാനിക്കുന്നു. തനിക്കെതിരെ ഒരു കേസ് പോലും കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്നും പിന്നെ എന്നെ തീവ്രവാദിയാക്കിയുള്ള പരാമർശങ്ങൾ എന്തടിസ്ഥാനത്തിലാണെന്നും അവർ ചോദിച്ചു. പ്രജ്ഞയുടെ പ്രസ്താവന ബി.ജെ.പി അംഗങ്ങൾ ആഹ്ലാദത്തോടെ എതിരേറ്റപ്പോൾ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തി. 'ഡൗൺ ഡൗൺ ഗോഡ്‌സെ..മഹാത്മാ ഗാന്ധി ലോംങ് ലൈവ് എന്നിങ്ങനെ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രജ്ഞയുടെ മാപ്പിനെ പ്രതിപക്ഷം സ്വീകരിച്ചത്. പാർട്ടി പോലും കൈവിട്ട സാഹചര്യത്തിലാണ് ഒടുവിൽ മാപ്പ് പറഞ്ഞ് പ്രജ്ഞ രംഗത്തെത്തിയത്.
നാഥുറാം വിനയാക് ഗോഡ്‌സേയെ പാർലമെന്റിനുള്ളിൽ ദേശഭക്തൻ എന്നു വിശേഷിപ്പിച്ച പ്രജ്ഞ സിംഗിനെതിരേ ബിജെപി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പ്രതിരോധ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിയിൽ നിന്നും പ്രജ്ഞ സിംഗിനെ പുറത്താക്കിയ ബി.ജെ.പി ശീതകാല സമ്മേളനം കഴിയുന്നത് വരെ പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്നും പ്രജ്ഞയെ പുറത്തു നിർത്തി. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡയാണ് ഇക്കാര്യം പറഞ്ഞത്്. മാലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായ പ്രജ്ഞയെ സമിതിയിൽ ഉൾപ്പെടുത്തിയത് തന്നെ രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മാലേഗാവ് കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രജ്ഞയ്‌ക്കെതിരേ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും ഗോഡ്‌സേ ദേശഭക്തനാണെന്ന് പ്രജ്ഞ പറഞ്ഞിരുന്നു. ഗോഡ്‌സേ രാജ്യസ്‌നേഹിയായിരുന്നു, രാജ്യസ്‌നേഹിയാണ്, രാജ്യസ്‌നേഹിയായി തന്നെ തുടരും എന്നാണ് പറഞ്ഞത്. ഇതിനെതിരേ രൂക്ഷ വിമർശനം ഉയർന്നപ്പോൾ ബിജെപി പരസ്യമായി താക്കീത് നൽകി. പരിഷ്‌കൃത സമൂഹത്തിൽ ഗാന്ധിജിയെ അപമാനിക്കുന്ന ഇത്തരം പരാമർശങ്ങൾ അനുവദിക്കാനാകില്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രജ്ഞ മാപ്പ് പറഞ്ഞാൽ പോലും ഇക്കാര്യത്തിൽ താൻ ഒരിക്കലും ക്ഷമിക്കില്ലെന്നാണ് മോഡി അന്നു പറഞ്ഞത്.
പ്രജ്ഞ സിംഗ് പാർലമെന്റിൽ നടത്തിയ പരാമർശം അപലപനീയമാണ്. ബിജെപി ഇത്തരം പ്രസ്താവനകളെയോ ആശയങ്ങളെയോ പ്രോത്സാഹിപ്പിക്കില്ല. പ്രജ്ഞ സിംഗിനെ പാർലമെന്ററി സമിതിയിൽ നിന്നു പുറത്താക്കാനും ഈ സമ്മേളന കാലത്ത് പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്നും മാറ്റി നിർത്താനും തീരുമാനിച്ചു എന്നാണ് ജെ.പി നഡ്ഡ പറഞ്ഞത്. നാഥു റാം ഗോഡ്‌സേയെ രാജ്യസ്‌നേഹിയെന്നു വിശേഷിപ്പിക്കുന്ന ഒരു തത്വശാസ്ത്രത്തെയും ബിജെപിയും സർക്കാരും അപലപിക്കുന്നു. അത്തരം ചിന്തകൾ പോലും പ്രോത്സാഹിപ്പിക്കില്ല. മഹാത്മാഗാന്ധിയുടെ ആശയങ്ങൾ എക്കാലത്തും തങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയിലും പറഞ്ഞു.
വിഷയത്തിൽ ബിജെപി എംപി മാപ്പു പറയുന്നത് പവരെ സഭയിൽ ഇരിക്കാൻ അനുവദിക്കരുതെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നത്. എഐഎംഐഎം എംപി അസദുദീൻ ഒവൈസി പ്രജ്ഞയ്‌ക്കെതിരേ അച്ചടക്ക നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ ഓം ബിർള അനുമതി നൽകിയില്ല. വിവാദമായതിനെ തുടർന്ന് പ്രജ്ഞയുടെ പരാമർശം ലോക്‌സഭ രേഖകളിൽ നിന്നു നീക്കം ചെയ്തിരുന്നു. പ്രജ്ഞ സിംഗിനെതിരേ നടപടി ആവശ്യപ്പെട്ട് പാർലമെന്റിന് പുറത്ത് വിജയ് ചൗക്കിൽ ഒറ്റയാൾ പ്രതിഷധം നടത്തിയ തെഹ്‌സീൻ പൂനാവാലയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
'തീവ്രവാദി പ്രജ്ഞ സിംഗ് തീവ്രവാദി ഗോഡ്‌സെയ രാജ്യസ്‌നേഹിയെന്നു വിളിച്ചു. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ തന്നെ ദുഖരമായ ദിവസം' എന്നാണ് സംഭവത്തോട് രാഹുൽ ഗാന്ധി ട്വിറ്ററിൽ പ്രതികരിച്ചത്. ബിജെപി, ആർഎസ്എസ് അനുഭാവികളുടെ മനസിലുള്ള കാര്യം തന്നെയാണ് പ്രജ്ഞ സിംഗ് തുറന്നു പറഞ്ഞത്. അവർക്കത് ഒളിപ്പിച്ച് വെക്കാൻ കഴിയില്ല. ഇതിനെതിരേ നടപടി ആവശ്യപ്പെട്ട് തനിക്ക് സമയം കളയാനില്ലെന്നാണ് രാഹുൽ കഴിഞ്ഞ ദിവസം പാർലമെന്റിന്് പുറത്ത് പ്രതികരിച്ചത്.
പ്രജ്ഞ സിംഗിന് താക്കീത് നൽകണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി. ബിജെപി അവർക്ക് മത്സരിക്കാൻ ടിക്കറ്റ് നൽകി എംപിയാക്കി പാർലമെന്റിൽ എത്തിച്ചു. പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുപ്പിക്കാതിരിക്കുന്നത് കൊണ്ട് എന്ത് സംഭവിക്കാനാണ്. വിവാദ പരാമർശത്തിൽ മാപ്പു പറയുന്നത് വരെ പ്രജ്ഞയെ പാർലമെന്റിൽ പ്രവേശിക്കാൻ പോലും അനുവദിക്കരുതെന്നും കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു.
'രാത്രി പകലായി മാറുന്ന കാലത്ത് നുണകളുടെ കൊടുങ്കാറ്റ് കരുത്താർജിക്കുകയാണ്. പകലിലേക്ക് പോലും രാത്രി കടന്നുവരുന്ന കാലമാണ്. എന്നാൽ, സൂര്യന് അതിന്റെ പ്രകാശം നഷ്ടപ്പെടില്ല. ആളുകൾ ഈ കൊടുങ്കാറ്റിൽ പെട്ട് കടപുഴകി വീഴുകയൊന്നുമില്ല. സത്യം എന്തെന്നാൽ ഇന്നലെ ഉദ്ധംസിംഗിനെ അപമാനിക്കാനുള്ള ശ്രമം എനിക്ക് സഹിക്കാനായില്ല' എന്നാണ് പ്രജ്ഞ സിംഗ് ട്വിറ്ററിൽ കുറിച്ചത്. തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തതാണെന്നും സ്വാതന്ത്രസമര പോരാളി ഉദ്ദംസിംഗിനെ അപമാനിക്കാൻ ശ്രമിച്ചതിനെ താൻ എതിർക്കുകയായിരുന്നു എന്നുമാണ് വിവാദ എംപി ഇപ്പോൾ വിശദീകരിക്കുന്നത്.
എസ്പിജി ഭേദഗതി ബില്ലിൻമേൽ നടന്ന ചർച്ചയ്ക്കിടെ ഡി.രാജയുടെ പ്രസംഗത്തിനിടെ ഇടയ്ക്കു കയറി സംസാരിച്ചു കൊണ്ടാണ് പ്രജ്ഞ സിംഗ് ഗോഡ്‌സേയെ ദേശഭക്തൻ എന്നു വിശേഷിപ്പിച്ചത്. ഉടൻ തന്നെ പ്രതിപക്ഷം രൂക്ഷ പ്രതിഷേധം ഉയർത്തി. മറുപടി നൽകി പ്രജ്ഞയും എഴുന്നേറ്റതോടെ ബിജെപി എംപിമാർ തന്നെ ഇടപെട്ടാണ് അവരെ അടക്കി ഇരുത്തിയത്.
ഗാന്ധിജിയുടെ ഘാതകനെ സ്തുതിച്ച് പ്രജ്ഞ സിംഗ് വെട്ടിലായതിന് പുറമേ ഗോഡ്‌സേയെ സ്തുതിച്ച് ബിജെപി എംഎൽഎയും. ഉത്തർപ്രദേശിലെ ബല്യയിൽ നിന്നുള്ള ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ് ആണ് ഗോഡ്‌സേ തീവ്രവാദി അല്ലെന്ന് പറഞ്ഞത്. 'നാഥുറാം ഗോഡ്‌സേ ഒരു തീവ്രവാദിയൊന്നുമല്ല, പക്ഷേ അദ്ദേഹം ഒരബദ്ധം ചെയ്തു. രാജ്യസ്‌നേഹിയായ ഗാന്ധിജിയെ കൊല്ലേണ്ടിയിരുന്നില്ല. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെയാണ് തീവ്രവാദികൾ എന്നു വിളിക്കേണ്ടത്. ഗോഡ്‌സേ ഒരു തീവ്രവാദി അല്ല' എന്നാണ് സുരേന്ദ്ര സിംഗ് പറഞ്ഞത്. ഗോഡ്‌സേ രാജ്യസ്‌നേഹി ആയിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ സുരേന്ദ്ര സിംഗ് ഒഴിഞ്ഞു മാറുകയും ചെയ്തു. പ്രജ്ഞ സിംഗിനെ പോലെ തന്നെ സുരേന്ദ്ര സിംഗും സ്ഥിരം വിവാദ പ്രസ്താവനകൾ നടത്തുന്ന ബിജെപി നേതാവാണ്.