വാഷിംഗ്ടണ്‍- മുന്‍കൂട്ടി തീരുമാനിക്കാത്ത ഒരു യാത്ര ആശുപത്രിയിലേക്ക് വെച്ചുകൊടുത്തത് മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യം സംബന്ധിച്ച് പലവിധ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇതിന് മറുപടിയെന്നോണം ഒരു ബോക്‌സറുടെ രൂപത്തില്‍ തല വെട്ടിച്ചേര്‍ത്ത ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് ട്രംപ് പങ്കുവെച്ചത്. കഴിഞ്ഞ ശനിയാഴ്ച വാഷിംഗ്ടണിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ട്രംപ് പോയതിനെക്കുറിച്ച് മാധ്യമങ്ങള്‍ നടത്തിയ അഭ്യൂഹ പ്രചരണങ്ങള്‍ പ്രസിഡന്റിനെ ചൊടിപ്പിച്ചിരുന്നു.
തന്റെ ആരോഗ്യം മോശമാണെന്ന് എഴുതിപ്പിടിപ്പിച്ച വിമര്‍ശകരെ അടിച്ചിരുത്താനുള്ള അവസാന ശ്രമമാണ് ട്രംപിന്റെ റോക്കി ചിത്രം. സില്‍വസ്റ്റര്‍ സ്റ്റാലോണിന്റെ റോക്കി 3യിലെ പോസ്റ്ററിലാണ് ട്രംപിന്റെ തല വെച്ചുപിടിപ്പിച്ചത്. 73കാരനായ പ്രസിഡന്റിന്റെ ചിത്രത്തിന് അടിക്കുറിപ്പൊന്നും നല്‍കിയിട്ടില്ല. തന്റെ ശരീരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും നല്ലതും, മോശവുമായ കാര്യങ്ങള്‍ തുറന്നടിക്കാന്‍ നാണമില്ലാത്ത വ്യക്തിയാണ് റിപബ്ലിക്കന്‍ റിയല്‍ എസ്‌റ്റേറ്റ് വമ്പന്‍.
ചൊവ്വാഴ്ച ഫ്‌ളോറിഡയിലെ റിഇലക്ഷന്‍ പ്രചരണങ്ങളില്‍ സംസാരിക്കവെ തന്റെ ആശുപത്രി സന്ദര്‍ശനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കെതിരെ ട്രംപ് രോഷാകുലനായി. ശക്തമായ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്നാണ് വാള്‍ട്ടര്‍ റീഡ് മിലിറ്ററി ഹോസ്പിറ്റലില്‍ എത്തിച്ചതെന്ന് വരെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍കൂര്‍ തീരുമാനിക്കാതെയുള്ള യാത്രയാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്.
തന്റെ വാര്‍ഷിക ശാരീരിക പരിശോധന സമയം ലാഭിക്കാന്‍ പ്രസിഡന്റ് നേരത്തെ ആക്കിയതാണ് ഈ കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ പരിശോധനയില്‍ അമിതവണ്ണമുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുപോലൊരു നെഞ്ച് കണ്ടിട്ടില്ലെന്നാണ് തന്റെ സൂപ്പര്‍ നെഞ്ച് കണ്ട് ഡോക്ടര്‍മാര്‍ പറയാറുള്ളതെന്ന് ട്രംപ് റാലിയില്‍ പറഞ്ഞു. എന്തായാലും ട്രംപിന്റെ ഫോട്ടോഷോപ്പ് ചിത്രത്തില്‍ ട്രോളുകള്‍ ആഞ്ഞടിക്കുകയാണ്.