Sorry, you need to enable JavaScript to visit this website.

ഉത്തരേന്ത്യന്‍ കമ്പനിയ്ക്ക്  മോഹന്‍ലാല്‍ കേരള മുഖ്യമന്ത്രി 

കൊച്ചി- 2020 ജനുവരി ഒന്ന് മുതല്‍ കേരളത്തില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇതിനോടകം  പുറത്തുവന്നിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധനത്തെ അനുമോദിച്ച് രംഗത്തെത്തിയ ഉത്തരേന്ത്യന്‍ കമ്പനിയാണ് ഇപ്പോള്‍ പുലിവാലു പിടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തിന്റെ ഛായയില്‍ തയ്യാറാക്കിയ നടന്‍ മോഹന്‍ലാലിന്റെ ചിത്രമാണ് കമ്പനി സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചത്. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കരുതി നടന്‍ മോഹന്‍ലാലിന്റെ ചിത്രവുമായി തയ്യാറാക്കിയ ഗ്രാഫിക് പോസ്റ്റര്‍ പുറത്തിറക്കിയത്. ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് സിംഗിള്‍ യൂസ് പ്ലാസ്റ്റിക് നിരോധിക്കാനുള്ള നീക്കത്തെ പിന്തുണച്ചായിരുന്നു കമ്പനി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ പോസ്റ്റിട്ടത്. 
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടര്‍ സ്‌കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് തെറ്റിദ്ധരിച്ച് കമ്പനി പോസ്റ്ററില്‍ ചേര്‍ത്തത്. കോമ്രേഡ് എന്ന മോഹന്‍ലാലിനെ നായകനാക്കി സിനിമ നിര്‍മ്മിക്കാന്‍ മുന്‍പ് ആലോചിച്ചിരുന്നതാണെന്നും എന്നാല്‍ ഈ പദ്ധതി ഉപേക്ഷിച്ചതാണെന്നും ശ്രീകുമാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ സിനിമയ്ക്കു വേണ്ടി തയ്യാറാക്കിയ സ്‌കെച്ചുകള്‍ ആരോ പുറത്തു വിടുകയായിരുന്നുവെന്നാണ് സംവിധായകന്‍ വിശദീകരിച്ചത്. കമ്പനി തയ്യാറാക്കിയ കാര്‍ഡില്‍ ഈ ചിത്രം ലഭിച്ചത് എവിടെ നിന്നെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ വിവരം ഫേസ്ബുക്കില്‍ പലരും ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത യൂറോസേഫ്റ്റി കമ്പനി പകരം പിണറായി വിജയന്റെ യഥാര്‍ത്ഥ ചിത്രം ചേര്‍ത്തു. കമ്പനിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് മോഹന്‍ലാലിന്റെ ചിത്രമുള്ള പോസ്റ്റര്‍ ഇപ്പോഴും നീക്കം ചെയ്തിട്ടില്ല.

Latest News