കാഞ്ഞങ്ങാട് - സപ്തഭാഷാ ഭൂമിയിലെ കലോത്സവ നഗരിയിലെ ഉദ്ഘാടന ചടങ്ങിനെ പ്രൗഢ ഗംഭീരമാക്കി സ്വാഗത ഗാനം.
മഹാകവി പി. കുഞ്ഞിരാമൻ നായരുടെ നാട്ടിൽ വിരുന്നെത്തിയ കലാ മാമാങ്കത്തിന് സ്വാഗതമേകിയത് മഹാകവി കുട്ടമത്തിന്റെ ചെറുമകൻ കെ.വി. മണികണ്ഠദാസ് രചിച്ച സ്വാഗത ഗാനമാണ്. സപ്തഭാഷാ ഭൂമിയെ പ്രകീർത്തിച്ചും പ്രാചീന നാട്ടുചരിത്രത്തെ സ്മരിച്ചും കാസർകോടൻ മണ്ണിൽ പിറന്ന സാംസ്‌കാരിക പ്രതിഭകളെ അടയാളപ്പെടുത്തിയുമാണ് സ്വാഗത ഗാനം അതിഥികളെ സ്വാഗതം ചെയ്തത്.
'ഏഴു വാണികളും ഒറ്റ നാവിൽ
ഇണക്കിടുന്ന വരവർണിനീ
കേരളോത്തര വിലാസിനി
വിമല ദേശമായി ലസിപ്പൂ നീ' എന്ന് തുടങ്ങിയ സ്വാഗത ഗാനത്തിന് വേദിയിലെത്തിയ നൃത്താവിഷ്‌കാരം കൂടുതൽ ചാരുത പകർന്നു. ജില്ലയുടെ സാസ്‌കാരിക കലാപൈതൃക പാരമ്പര്യം വിളിച്ചോതുന്ന പൂരക്കളിക്കും യക്ഷഗാനത്തിനും ഒപ്പം ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, മാർഗംകളി, ഒപ്പന, തിരുവാതിര, കഥകളി എന്നിവയും ഗാനത്തിന്റെ വരികൾക്കനുസരിച്ച് രംഗത്തെത്തി. വാക്കുകൾക്ക് അതീതമായ കാസർകോടിന്റെ സാംസ്‌കാരിക വൈവിധ്യം പുഴയൊരു പുല്ലാങ്കുഴലിലൊതുക്കാമോ? ഈ നാട്ടുവഴക്കം പാട്ടിലൊതുക്കാമോ എന്ന വരികളിലൂടെ വരച്ചുകാട്ടി.
60 അധ്യാപകർ ചേർന്ന് ആലപിച്ച 18 മിനിട്ട് ദൈർഘ്യമുള്ള സ്വാഗത ഗാനത്തിന് 140 വിദ്യാർത്ഥികളാണ് ചുവട് വെച്ചത്. പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രനാണ് സ്വാഗത ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചത്. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് രംഗാവിഷ്‌കാരം നിർവഹിച്ചു. സതീഷ് കണ്ണൂരാണ് സ്വാഗത ഗാനത്തിന് നൃത്താവിഷ്‌കാരം നിർവഹിച്ചത്.
സ്വാഗത ഗാനം രചിച്ച കെ.വി. മണികണ്ഠദാസ് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്രിൻസിപ്പലാണ്. 28 വർഷങ്ങൾക്ക് ശേഷം ജില്ലയിൽ വിരുന്നെത്തിയ കൗമാര കലാവസന്തത്തിന് സ്വാഗത ഗാനത്തിലൂടെ തന്നെ ഊഷ്മളമായ വരവേൽപാണ് ആതിഥേയരായ കാസർകോട് ജില്ലക്കാർ നൽകിയത്.