ന്യൂദല്‍ഹി- ഹരിയാനയില്‍ കാണാതായ 20കാരിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവടക്കം മൂന്ന് പേരെ ദല്‍ഹിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട നാന്‍സിയുടെ ഭര്‍ത്താവ് സാഹില്‍ ചോപ്ര (21), അദ്ദേഹത്തിനു കീഴില്‍ ജോലി ചെയ്യുന്ന ശുഭം (24) എന്നിവരെ ദ്ല്‍ഹിയില്‍ നിന്നും മൂന്നാം പ്രതി ബദലിനെ സ്വദേശമായ കര്‍ണലില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവന്റ് മാനേജ് രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്ന നാന്‍സിയൊടൊപ്പം വിമാനത്തില്‍ സ്ഥിരമായുള്ള യാത്ര കൊണ്ടു പൊറുതി മുട്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് സാഹില്‍ പോലീസിനോട് പറഞ്ഞു. അതേസമയം കൊലപാതകത്തിനു പിന്നില്‍ സ്ത്രീധന പീഡനമാണെന്നും സംശയിക്കപ്പെടുന്നു.
നവംബര്‍ 11 മുതലാണ് നാന്‍സിയെ കാണാതായത്. ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മാര്‍ച്ചിലായിരുന്നു നാന്‍സി-സാഹില്‍ വിവാഹം. അന്നു മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ നാന്‍സി പീഡനമേറ്റുവാങ്ങിയിരുന്നെന്ന് കുടുംബം ആരോപിക്കുന്നു.
നാന്‍സിയെ മറ്റു രണ്ടു പ്രതികളുടെ സഹായത്തോടെ വെടിവച്ചു കൊന്ന ശേഷം ഹരിയാനയിലെ പാനിപത്തില്‍ തള്ളുകയായിരുന്നെന്ന് സാഹില്‍ പോലീസിനോട് വെളിപ്പെടുത്തി. പാനിപത്ത് റിഫൈനറിക്കു സമീപത്തു നിന്നാണ് പോലീസ് നാന്‍സിയുടെ മൃതദേഹം കണ്ടെടുത്തത്.