മുംബൈ- ശിവസനേ-എന്‍സപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരണ ശ്രമം നടത്തുന്നതിനിടെ ഏവരേയും ഞെട്ടിച്ച് ബിജെപിക്ക് പിന്തുണ നല്‍കി ഉപമുഖ്യമന്ത്രിയാകുകയും പിന്നീട് രാജിവെക്കുകയും ചെയ്ത എന്‍സിപി നേതാവ് അജിത് പവാര്‍ പുതിയ സഖ്യസര്‍ക്കാരിലും ഇതേ പദവിയില്‍ തിരിച്ചെത്തിയേക്കുമെന്ന് റിപോര്‍ട്ട്. അദ്ദേഹത്തിന്റെ പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചാണ് എഎന്‍ഐ ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിലും വൈകാതെ അജിത് ഉപമുഖ്യമന്ത്രിയായി എത്തുമെന്നാണ് സൂചന. എന്‍സിപി നേതാക്കളായ ശരത പവാര്‍, ജയന്ത് പാട്ടീല്‍, പ്രഫുല്‍ പട്ടേല്‍ എന്നിവരുമായും വ്യാഴാഴ്ച അജിത് കൂടിക്കാഴ്ച നടത്തിയിരുന്നു. വീണ്ടും ഉപമുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് തീരുമാനമായിട്ടില്ലെന്നും പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ബിജെപി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണെന്ന് സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബിജെപി സര്‍ക്കാരില്‍ നിന്നും അജിത് രാജിവച്ചത്. ബിജെപിയെ പിന്തുണച്ചതിന് എന്‍സിപി അജിത് പവാറിനെതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. തിരിച്ച് എന്‍സിപി ക്യാമ്പിലെത്തിയ അജിതിന് വലിയ സ്വീകരണമാണ് പാര്‍ട്ടിക്കുള്ളില്‍ ലഭിച്ചത്.
അതേസമയം ഉപമുഖ്യമന്ത്രി പദവി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന എന്‍സിപി നേതാവ് ജയന്‍ത് പാട്ടീലിന് ലഭിച്ചേക്കുമെന്നും റിപോര്‍ട്ടുണ്ട്. ബിജെപിയെ പിന്തുണച്ചതിന്റെ പേരില്‍ അജിതിനെ എന്‍സിപി സഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നും നീക്കി പകരം നിയമിക്കപ്പെട്ട നേതാവാണ് പാട്ടീല്‍. അതേസമയം ഉപമുഖ്യമന്ത്രി പദവി ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളിലും അജിതിന് വലിയ തിരിച്ചടിയാകും.