കൊൽക്കത്ത- ബംഗാൾ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും ബി.ജെ.പിയെയും പിന്നിലാക്കി തൃണമൂലിന്റെ ജയം. സിറ്റിംഗ് സീറ്റായ കാളിയഗഞ്ച് നിയമസഭ മണ്ഡലത്തിൽ സി.പി.എം പിന്തുണയോടെ മത്സരിച്ചെങ്കിലും കോൺഗ്രസിന് ജയിക്കാനായില്ല. ഇവിടെ തൃണമൂൽ സ്ഥാനാർഥി തപൻ ദേബ് സിൻഹ 2304 വോട്ടിന് വിജയിച്ചു. ബംഗാളിൽ തെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നത് തൃണമൂൽ കോൺഗ്രസ് തന്നെയാണ്.
കോൺഗ്രസ്-സി.പി.എം സഖ്യം മത്സരിച്ച ഖരഗ്പുർ സദർ മണ്ഡലത്തിൽ 13,000 വോട്ടിന്റെ ലീഡാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രദീപ് സർക്കാരിന് നിലവിൽ. ബി.ജെ.പിയുടെ പ്രേം ചന്ദ്ര ഝായാണ് രണ്ടാം സ്ഥാനത്ത്. ബി.ജെ.പിയുടെ സംസ്ഥാനാധ്യക്ഷൻ ദിലിപ് ഘോഷ് കഴിഞ്ഞതവണ വിജയിച്ച സീറ്റാണിത്. കഴിഞ്ഞതവണ തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയിത്ര വിജയിച്ച കരിംപുരാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലം. 23,586 വോട്ടിന്റെ ലീഡാണ് തൃണമൂലിന്റെ ബിമലേന്ദു സിങ് റോയിക്ക് ഇപ്പോഴുള്ളത്. ബി.ജെ.പിയുടെ ധാർഷ്ട്യത്തിന് ബംഗാൾ നൽകിയ മറുപടിയാണ് തൃണമൂലിന്റെ വിജയമെന്ന് മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജി പ്രതികരിച്ചു.
ഉത്തരാഖണ്ഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഏക മണ്ഡലമായ പിത്തോർഗഢിൽ ബി.ജെ.പിയുടെ ചന്ദ്ര പന്താണ മുന്നിൽ നിൽക്കുന്നത്. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണിത്. 1856 വോട്ടിന്റെ ലീഡാണ് ബി.ജെ.പിക്കുള്ളത്. സമാജ് വാദി പാർട്ടിയും ഇത്തവണ ഇവിടെ മത്സരിക്കുന്നുണ്ടെന്ന പ്രത്യേകതയുണ്ട്. മൂന്നുവട്ടം എം.എൽ.എയായ ബി.ജെ.പി മുൻ മന്ത്രി പ്രകാശ് പന്തിന്റെ മരണമാണ് ഉപതെരഞ്ഞെടുപ്പിലേക്കു നയിച്ചത്. പ്രകാശ് പന്തിന്റെ ഭാര്യയാണ് ബി.ജെ.പി സ്ഥാനാർഥി ചന്ദ്ര പന്ത്. ബംഗാളിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലും ഉത്തരാഖണ്ഡിലെ ഒരു മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 25നാണ് ഈ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നത്.