Sorry, you need to enable JavaScript to visit this website.

രഹസ്യ വിവാഹത്തില്‍ പിറന്ന കുഞ്ഞിന്റെ പിതൃത്വം നിഷേധിച്ചു; റിയാദില്‍ കേസ്

റിയാദ് - മിസ്‌യാര്‍ രീതിയില്‍ വിവാഹം ചെയ്ത യുവതിയില്‍ പിറന്ന കുഞ്ഞിന്റെ പിതൃത്വം പിതാവ് നിഷേധിക്കുന്ന കേസിന്റെ പുരോഗതി നിരീക്ഷിക്കുന്നതായി സൗദി മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

മറച്ചുവെക്കുകയെന്ന ലക്ഷ്യത്തോടെ വിവാഹം നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യാത്ത ഭര്‍ത്താവ് ഈ ബന്ധത്തില്‍ പിറന്ന കുഞ്ഞിന്റെ പിതൃത്വം അംഗീകരിക്കാന്‍ വിസമ്മതിക്കുകയാണ്.

പിതൃത്വം സ്ഥാപിക്കുന്നതിനുള്ള കേസുകള്‍ പരിശോധിക്കുന്ന കോടതികളും മറ്റു ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് വകുപ്പുകളും വേഗത്തില്‍ തീര്‍പ്പ് കല്‍പിക്കുന്നുവെന്ന് ഉറപ്പാക്കാനാണ്  ഈ കേസും സമാനമായ മറ്റു കേസുകളും മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിക്കുന്നത്. പിതൃത്വം നിഷേധിക്കുന്ന കേസില്‍ കുറ്റക്കാരനെതിരെ രാജ്യത്തെ നിയമം അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുവരുത്തും.

കുഞ്ഞിന്റെ പിതൃത്വം നിഷേധിക്കുന്നത് ബാല സംരക്ഷണ നിയമം അനുസരിച്ച് ഏറ്റവും വലിയ പീഡനമാണ്. കുട്ടികളുടെ പിതൃത്വം അംഗീകരിക്കാതിരിക്കുന്നത് അവരുടെ അസ്തിത്വവും മാതാപിതാക്കളെ അറിയുന്നതിനുള്ള അവകാശവും നിഷേധിക്കലാണ്. ഇത് കുട്ടികള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നിഷേധിക്കപ്പെടുകയും മറ്റു അവകാശങ്ങളെ ബാധിക്കുകയും ചെയ്യും.

ഭദ്രമായ കുടുംബ സാഹചര്യത്തില്‍ ജീവിക്കുന്നതിനുള്ള കുട്ടികളുടെ അവകാശം നിഷേധിക്കപ്പെടുന്നതിനും ഇത്തരം പെരുമാറ്റങ്ങള്‍ കാരണമാകുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

 

Latest News