മുംബൈ- മഹാരാഷ്ട്രയില അധികാരമേല്‍ക്കുന്ന ശിവ സേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി പദവി എന്‍സിപിക്കു മാത്രമായി നല്‍കാന്‍ ധാരണയായി. സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും നല്‍കും. സഖ്യത്തിന്റെ പേര് മഹാ വികാസ് അഘാഡി എന്നായിരിക്കുമെന്നും ബുധനാഴ്ച വൈകീട്ട് നടന്ന യോഗത്തില്‍ തീരുമാനമായതായി എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. ഒരേ ഒരു ഉപമുഖ്യമന്ത്രി മാത്രമെ ഉണ്ടായിരിക്കൂവെന്നും അത് എന്‍സിപിയില്‍ നിന്നായിരിക്കുമെന്നും പട്ടേല്‍ വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസില്‍ നിന്നും ഒരു ഉപമുഖ്യമന്ത്രി ഉണ്ടാകുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സ്പീക്കര്‍ പദവിയാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയായി ശിവ സേന തലവന്‍ ഉദ്ധവ് താക്കറെ വ്യാഴാഴ്ച വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്യും. മൂന്ന് പാര്‍ട്ടികളില്‍ നിന്നും ഒന്നോ രണ്ടോ എംഎല്‍എമാര്‍ വീതം മന്ത്രിമാരായും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും. ഓരോ പാര്‍ട്ടിയില്‍ നിന്നുള്ള മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് മുന്നണി വൃത്തങ്ങള്‍ അറിയിക്കുന്നത്. ക്യാബിനെറ്റ് മന്ത്രി പദവിയും സഹ മന്ത്രി പദവിയും ആനുപാതികമായി വീതം വെക്കേണ്ടതുണ്ട്. നിയമസഭയിലെ അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായി 43 മന്ത്രി പദവികളാണ് പരമാവധി ഉള്ളത്.
നിലവില്‍ ശിവ സേനയ്ക്കും എന്‍സിപിക്കും 15 മന്ത്രിമാര്‍ വീതവും കോണ്‍ഗ്രസിന് 12 മന്ത്രിമാരും എന്നതാണ് ധാരണ. ഇതിനു പുറമെ സഖ്യത്തെ പിന്തുണയ്ക്കുന്ന ചെറുപാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടിക്കും സ്വാഭിമാനി സംഗതനയ്ക്കും പ്രാതിനിധ്യം നല്‍കേണ്ടി വരും.