ന്യൂദല്‍ഹി- എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന അടുത്ത ബന്ധുക്കള്‍ക്കും മാത്രമായി നിജപ്പെടുത്തുന്ന എസ്.പി.ജി നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. പുതിയ വ്യവസ്ഥ അനുസരിച്ച് സ്ഥാനം ഒഴിയുന്ന പ്രധാനമന്ത്രിക്കും അവരോടൊപ്പം അനുവദിക്കപ്പെട്ടിട്ടുള്ള ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങള്‍ക്കും അഞ്ചു വര്‍ഷത്തേക്കു മാത്രം എസ്.പി.ജി സംരക്ഷണം ലഭിക്കും. നിയമ ഭേദഗതിയിലൂടെ ബി.ജെ.പി രാഷ്ട്രീയ പ്രതികാരം നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് തുടര്‍ന്നുള്ള നടപടികളില്‍ പങ്കെടുക്കാതെ കോണ്‍ഗ്രസ് സഭ വിട്ടിറങ്ങിപ്പോയി.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുള്ള എസ.പി.ജി സംരക്ഷണം പിന്‍വലിച്ചതില്‍ പ്രതിപക്ഷം രൂക്ഷ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനെ മറികടന്നാണ് എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമായി ചുരുക്കി സര്‍ക്കാര്‍ നിയമഭേദഗതി പാസാക്കിയെടുത്തത്. സഭക്കുള്ളില്‍ മഹാത്മാ ഗാന്ധി വധത്തിന്റെ വിചാരണ മുതല്‍ രാജീവ് ഗാന്ധി വധം, സിഖ്് കൂട്ടക്കൊല തുടങ്ങി വിവിധ ആരോപണങ്ങള്‍ പരസ്പരം ഉന്നയിച്ച് രൂക്ഷമായ പ്രതിപക്ഷ-ഭരണപക്ഷ വാക്‌പോരിനിടെയാണ് ബില്ല് പാസായത്.