ന്യൂദല്‍ഹി- ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച താഴോട്ടാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അറിയിച്ചു. വളര്‍ച്ച കുറഞ്ഞെങ്കിലും ഇവിടെ മാന്ദ്യമില്ലെന്നും തടയാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും രാജ്യസഭയില്‍ ബുധനാഴ്ച നടന്ന വളര്‍ച്ചാ ഇടിവിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ മറുപടി നല്‍കവെ മന്ത്രി പറഞ്ഞു. ജൂലൈ-സെപ്തംബര്‍ പാദത്തിലെ ജിഡിപി വളര്‍ച്ചാ കണക്കുകള്‍ പുറത്തു വരാനിരിക്കെയാണ് മന്ത്രിയുടെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബാങ്കിങ് മേഖലയില്‍ പ്രതിസന്ധിയുള്ളതായി സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 70,000 കോടി ഇറക്കി പൊതുമേഖലാ ബാങ്കുകളെ പുനര്‍മൂലധനവല്‍ക്കരണം നടത്തുമെന്നും നിര്‍മല പറഞ്ഞു.
വെള്ളിയാഴ്ചയാണ് പുതിയ ജിഡിപി വളര്‍ച്ചാ നിരക്ക് പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ പാദത്തില്‍ ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചു ശതമാനമായി ഇടിഞ്ഞിരുന്നു.