മുംബൈ- മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻ.സി.പി പിന്തുണയോടെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതിൽ പ്രതിഷേധിച്ച് ശിവസേന നേതാവ് രാജിവച്ചു. രമേശ് സോളങ്കിയാണ് രാജിവെച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ തീരുമാനം എടുക്കുകയാണെന്ന് ട്വീറ്റ് ചെയ്തായിരുന്നു രാജി. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനും ശിവസേനക്ക് മുഖ്യമന്ത്രി ഉണ്ടാവുന്നതിലും അഭിനന്ദനങ്ങൾ. പക്ഷേ, എന്റെ മനഃസാക്ഷിയും പ്രത്യയശാസ്ത്രവും കോൺഗ്രസുമായി പ്രവർത്തിക്കാൻ എന്നെ അനുവദിക്കുന്നില്ല. എനിക്ക് അർദ്ധമനസ്സോടെ പ്രവർത്തിക്കാൻ കഴിയില്ല, ഇത് എന്റെ പദവിക്കും, എന്റെ പാർട്ടി, എന്റെ സഹ ശിവ് സൈനിക്കുകൾക്കും എന്റെ നേതാക്കൾക്കും യോജിച്ചതല്ല, സോളങ്കി ട്വീറ്റ് ചെയ്തു. താൻ എല്ലായ്‌പ്പോഴും ബാലാസാഹേബിന്റെ ശിവ സൈനികർക്കായി തുടരുമെന്നും സോളങ്കി പറഞ്ഞു. 21 വർഷമായി താൻ ശിവസേനയ്ക്ക് ഒപ്പമുണ്ടായിരുന്നു. തന്റെ പാർട്ടി ഒരു രാഷ്ട്രീയ തീരുമാനം എടുക്കുകയും കോൺഗ്രസുമായി കൈകോർക്കുകയും ചെയ്യുന്നതു വരെ നിരവധി ഉയർച്ച താഴ്ചകൾ കണ്ടിട്ടുണ്ടെന്നും സോളങ്കി പറഞ്ഞു.