Sorry, you need to enable JavaScript to visit this website.

നിയുക്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഗവര്‍ണറെ കണ്ടു; സത്യപ്രതിജ്ഞ വ്യാഴാഴ്ച

മുംബൈ- മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ബിജെപിയെ അധികാരത്തില്‍ നിന്നു മാറ്റി നിര്‍ത്തി മഹാ വികാസ് അഘാഡി മുന്നണി സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായി ശിവ സേനാ തലവന്‍ ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഉദ്ധവ് ഭാര്യയോടൊപ്പം ഇന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ രാജ്ഭവനിലെത്തി സന്ദര്‍ശിച്ചു. നിലവില്‍ നിയമസഭാംഗം അല്ലാത്ത ഉദ്ധവിന് ആറു മാസത്തിനകം സഭാംഗത്വം നേടേണ്ടതുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് എംഎല്‍എ, അല്ലെങ്കില്‍ നിയമസഭാ കൗണ്‍സില്‍ എംഎല്‍സി ആകേണ്ടിവരും.

അതിനിടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 288 എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്തു. ഇടക്കാല സ്പീക്കര്‍ കാളിദാസ് കൊലംബ്കര്‍ മുമ്പാകെയായിരുന്നു ചടങ്ങ്. എന്‍സിപി നേതാക്കളായ അജിത് പവാര്‍, ചഗന്‍ ഭുജ്ബല്‍, കോണ്‍ഗ്രസ് നേതാക്കളായ അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍, ശിവ സേന നേതാവ് ആദിത്യ താക്കറെ എന്നിവര്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടും.

Latest News