റിയാദ് - സമുദ്ര ഗതാഗത സുരക്ഷയും കപ്പൽ പാതകളുടെ സുരക്ഷയും ഉറപ്പു വരുത്തുന്നതിനുള്ള അന്താരാഷ്ട്ര സഖ്യത്തിൽ കുവൈത്തും ഖത്തറും ചേരുന്നു. ഇക്കാര്യം ഇരു രാജ്യങ്ങളും അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്ന് യു.എസ് സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തി.
എണ്ണ ടാങ്കറുകൾക്കു നേരെ ആവർത്തിച്ച് ആക്രമണങ്ങളുണ്ടാവുകയും ഗൾഫിൽ നിന്നുള്ള എണ്ണ നീക്കം തടസ്സപ്പെട്ടേക്കുമെന്ന ഭീതി വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സമുദ്ര ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിന് അമേരിക്ക മുൻകൈയെടുത്ത് അന്താരാഷ്ട്ര സഖ്യം സ്ഥാപിച്ചത്.
സഖ്യത്തിലേക്ക് കുവൈത്തും ഖത്തറും സൈനികരെയും ബോട്ടുകളും നൽകുമെന്നാണ് കരുതുന്നതെന്ന് യു.എസ് ആർമി കേണൽ ജോൺ കോൺക്ലിൻ പറഞ്ഞു. സഖ്യത്തിൽ ചേരുന്നതിനെ കുറിച്ച് കാനഡയുമായും അമേരിക്ക ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് ഇന്റർനാഷണൽ മാരിറ്റൈം സെക്യൂരിറ്റി കൺസ്ട്രക്ട് എന്ന പേരിൽ ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഖ്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് കൂടിയായ കേണൽ ജോൺ കോൺക്ലിൻ പറഞ്ഞു.
അതേസമയം, ഹുർമുസ് കടലിടുക്കിൽ സമുദ്ര ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഫ്രാൻസിന്റെ നേതൃത്വത്തിലുള്ള ദൗത്യത്തിൽ പങ്കാളിത്തം വഹിക്കുമെന്ന് ഹോളണ്ട് അറിയിച്ചു. ജനുവരി മുതൽ ആറു മാസത്തേക്ക് ദൗത്യത്തിനു കീഴിൽ പ്രവർത്തിക്കുന്നതിന് ഒരു കപ്പൽ ഹോളണ്ട് അയക്കും. ഇറാന്റെ ഭീഷണികളിൽനിന്ന് എണ്ണ, ചരക്കു കപ്പലുകൾക്ക് സംരക്ഷണം നൽകുന്നതിന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേരാൻ വിസമ്മതിച്ച ഫ്രാൻസ് ഹുർമുസ് കടലിടുക്കിൽ അമേരിക്കൻ സഖ്യത്തിൽ നിന്ന് സ്വതന്ത്രമായി ബദൽ യൂറോപ്യൻ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തുന്നതിന് ആഹ്വാനം ചെയ്തിരുന്നു. അടുത്ത വർഷാദ്യം മുതൽ യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സൈനിക സംവിധാനം ഹുർമുസ് കടലിടുക്കിൽ ഏർപ്പെടുത്താനാണ് നീക്കം. യൂറോപ്പിലും യൂറോപ്പിന് പുറത്തുമുള്ള പത്തു രാജ്യങ്ങൾ ഈ സുരക്ഷാ സഖ്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർലി പറഞ്ഞു. ഫ്രാൻസ് നേതൃത്വം നൽകുന്ന സുരക്ഷാ ദൗത്യത്തിൽ പങ്കാളിത്തം വഹിക്കുന്നതിനെ കുറിച്ച് അടുത്ത വെള്ളിയാഴ്ച ഹോളണ്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഈ സഖ്യത്തിൽ ചേരുന്നതിന് ഡെന്മാർക്കും ഇറ്റലിയും സ്പെയിനും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഹുർമുസ് കടലിടുക്ക്, ബാബൽമന്ദബ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ, അറേബ്യൻ ഉൾക്കടൽ എന്നിവിടങ്ങളിൽ വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യം പ്രവർത്തിക്കുന്നത്. അമേരിക്കക്കു പുറമെ, ഓസ്ട്രേലിയ, ബഹ്റൈൻ, ബ്രിട്ടൻ, സൗദി അറേബ്യ, യു.എ.ഇ, അൽബേനിയ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സഖ്യത്തിൽ അംഗങ്ങളാണ്. ഹുർമുസ് കടലിടുക്കിലും യു.എ.ഇ തീരത്തും ഒമാൻ ഉൾക്കടലിൽ വെച്ചും സമീപ കാലത്ത് എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് പലതവണ ആക്രമണങ്ങളുണ്ടായിരുന്നു. ഇറാനും ഇറാന്റെ ഏജൻസികളായ ഹൂത്തികളും ഹിസ്ബുല്ലയും അടക്കമുള്ള ഭീകര ഗ്രൂപ്പുകളുമാണ് കപ്പലുകൾക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിലെന്ന് അമേരിക്കയും സഖ്യരാജ്യങ്ങളും കുറ്റപ്പെടുത്തുന്നു.