ഭോപാല്‍-ഏഴുവര്‍ഷം പ്രണയിച്ച യുവാവിനൊപ്പം ഭര്‍ത്താവ് ഭാര്യയെ വിട്ടയച്ചു. മധ്യപ്രദേശ് തലസ്ഥാനത്താണ് സംഭവം നടന്നത്. ഭോപ്പാല്‍ സ്വദേശിയായ യുവാവ് വിവാഹമോചനം തേടി കുടുംബ കോടതിയിലെത്തിയതോടെയാണ് വാര്‍ത്ത പുറത്തറിയുന്നത്.സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് യുവാവ്,ഭാര്യ ഫാഷന്‍ ഡിസൈനറും. രണ്ടുപേരും സന്തോഷത്തോടെ കഴിയുമ്പോഴായിരുന്നു പഴയ കാമുകന്‍ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ലെന്നും തന്നെയോര്‍ത്ത് ദുഃഖിച്ച് നടക്കുകയാണെന്നും യുവതി അറിഞ്ഞത്.
ഇതോടെ ഇവരുടെ കുടുംബജീവിതത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. അച്ഛന്‍ എതിര്‍ത്തതോടെയാണ് കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. കാമുകനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിഞ്ഞതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഭാര്യയുടെ സന്തോഷമെല്ലാം നഷ്ടപ്പെട്ടത് കണ്ടതോടെ യുവാവ് പല തവണ സംസാരിച്ചു നോക്കി. ഫലമില്ലെന്നായതോടെ പിരിയാമെന്ന തീരുമാനത്തിലെത്തിച്ചേരുകയായിരുന്നു.
കുടുംബക്കോടതിയില്‍ കൗണ്‍സിലിങിനിടെ കാമുകനൊപ്പം ജീവിക്കുന്നതാണ് സന്തോഷമെന്ന് പെണ്‍കുട്ടി അറിയിക്കുകയും ചെയ്തു. രണ്ട് മക്കളുടെയും ചുമതല യുവാവിന് നല്‍കുന്നതായി കോടതി ഉത്തരവിട്ടു. മക്കളെ എപ്പോള്‍ വേണമെങ്കില്‍ വന്ന് കണ്ട് മടങ്ങാമെന്നും യുവാവ് മുന്‍ഭാര്യയ്ക്ക് ഉറപ്പ് നല്‍കി.