കൽപറ്റ- ഭാര്യയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടതുമായി ബന്ധപ്പെട്ടു സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിനെതിരെ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയ യുവാവിനെ വൈത്തിരി പഞ്ചായത്ത് ഭരണസമിതിയിലെ വനിതാ മെംബറുടെ നേതൃത്വത്തിലുള്ള സംഘം ബസ് തടഞ്ഞുനിർത്തി ഡ്രൈവിംഗ് സീറ്റിൽനിന്നു വലിച്ചിറക്കി മർദിച്ചു. വൈത്തിരി ചുണ്ടേൽ ഒലിവുമല കെടങ്ങൂക്കാരൻ ജോൺ എന്ന ഷാജിക്കാണ്(34)മർദനമേറ്റത്. വൈത്തിരിക്കു സമീപം പന്ത്രണ്ടാംപാലത്ത് ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. മർദനത്തിൽ വലതു കണ്ണിനും മൂക്കിനും പരിക്കേറ്റ ജോണിനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇ.എൻ.ടി വിഭാഗം ഡോക്ടറുടെ അഭാവത്തിൽ വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയിലും കൽപറ്റ ജനറൽ ആശുപത്രിയിലും ചികിത്സ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ജോൺ സ്വകാര്യ ആശുപത്രിയിൽ പ്രവേശനം നേടിയത്. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സമിതിയംഗവുമായ പഞ്ചായത്ത് മെംബർ എൽസി ജോർജ്, സി.പി.എം ജില്ല സെക്രട്ടറിയുടെ മകൻ, മൂത്ത സഹോദരന്റെ മകൻ എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് മർദിച്ചതെന്നു ജോൺ പറഞ്ഞു. ജോൺ മർദിച്ചതായി ആരോപിച്ച് എൽസിജോർജും ആശുപത്രിയിൽ പ്രവേശനം നേടി. വൈത്തിരിയിൽ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ വ്യവസ്ഥകൾ തെറ്റിച്ച് ബസ് പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനു ജോൺ മർദിച്ചതായാണ് എൽസിയുടെ വാദം. ഇവരുടെ പരാതിയിൽ പോലീസ് ജോണിനെതിരെ കേസെടുത്തു.
കൽപറ്റയിൽനിന്നു വൈത്തിരി വഴി പാറത്തോടിനുള്ള സ്വകാര്യ ബസിലെ ഡ്രൈവറാണ് ജോൺ. പാറത്തോടുനിന്നു വരുന്നതിനിടെയാണ് ദുരനുഭവം ഉണ്ടായതെന്നും നാട്ടുകാരാണ് രക്ഷിച്ചതെന്നും ജോൺ പറഞ്ഞു.
ഒക്ടോബർ 21നു രാത്രിയാണ് ജോണിന്റെ ഭാര്യ സക്കീനയെ പൂക്കോട് നരിക്കോടുമുക്കിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹത ആരോപിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് ജോൺ ജില്ല പോലീസ് മേധാവിക്കു പരാതി നൽകിയത്. സക്കീനയ്ക്കു സി.പി.എം ജില്ല സെക്രട്ടറിയുടെ ഭീഷണി ഉണ്ടായിരുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയിൽ പോലീസ് അന്വേഷണം പൂർത്തിയായിട്ടില്ല.
സക്കീനയുടേത് ആത്മഹത്യയല്ലെന്നു സംശയിക്കുന്നതിനുള്ള കാരണങ്ങൾ ജോണിന്റെ പരാതിയിൽ വിശദീകരിച്ചിരുന്നു. സംഭവദിവസം രാവിലെ ജോലിക്കുപോയ ജോൺ രാത്രി ഒമ്പതോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഷാളിൽ ജനൽക്കമ്പിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ ഭാര്യയെ കണ്ടത്. കാൽ നീട്ടിവെച്ച് കട്ടിലിൽ ചാരിയിരിക്കുന്ന സ്ഥിതിയിലായിരുന്നു മൃതദേഹം. വീടിന്റെ അടുക്കളഭാഗത്തെ രണ്ടു വാതിലുകൾ തുറന്ന നിലയിലായിരുന്നു. എല്ലാ മുറികളിലും ലൈറ്റ് ഇട്ടിരുന്നു. രാവിലെ വെച്ച ചോറ് രാത്രി കഴിക്കുന്നതിനു തിളപ്പിച്ചുവാർത്ത നിലയിലായിരുന്നു. ഇതെല്ലാം സക്കീനയുടേത് ആത്മഹത്യയല്ലെന്നതിന്റെ സൂചനയായാണ് ജോൺ വിലയിരുത്തുന്നത്. സക്കീനയുടേത് തൂങ്ങിമരണമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ. റീ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് അധികാരികളെ സമീപിക്കാനുള്ള നീക്കത്തിലായിരുന്നു ജോൺ.