വാഷിംഗ്ടണ്‍-19കാരിയായ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയെ ഷിക്കാഗോയില്‍ ലൈംഗികമായി അക്രമിച്ച ശേഷം കഴുത്ത് ഞെരിച്ചുകൊന്നു. ഹൈദരാബാദ് സ്വദേശിനിയായ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സ് വിദ്യാര്‍ഥിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ശനിയാഴ്ച ക്യാമ്പസിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഡൊണാള്‍ഡ് തര്‍മന്‍ എന്ന 26കാരനെ ഷിക്കാഗോ മെട്രോ സ്‌റ്റേഷനില്‍ വെച്ച് പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലക്കുറ്റവും ലൈംഗികാതിക്രമ കുറ്റവും ചുമത്തിയിട്ടുണ്ട്. കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപാതകം ചെയ്തിരിക്കുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച വൈകിട്ടു മുതല്‍ പെണ്‍കുട്ടിയെ കുറിച്ച് വിവരമില്ലെന്ന് വീട്ടുകാര്‍ യൂണിവേഴ്‌സിറ്റി പോലീസിന് പരാതി നല്‍കിയിരുന്നതായി യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി. ഫോണില്‍ വിളിക്കുമ്പോള്‍ ബെല്‍ മുഴങ്ങുന്നുണ്ടെങ്കിലും കോള്‍ എടുത്തിരുന്നില്ല. യൂണിവേഴ്‌സിറ്റി പരിസരത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ അറസ്റ്റിലായ ആള്‍ പെണ്‍കുട്ടിക്കു പിന്നാലെ നടക്കുന്ന ദൃശ്യം ലഭിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.35 ഓടെ പെണ്‍കുട്ടി വാഹനം കിടന്നിരുന്ന ഗാരേജിലേക്ക് കടന്നു. ഇയാളും പിന്നാലെ എത്തിയിരുന്നു. പിന്നീട് 2.10 ഓടെ ഇയാള്‍ ഹാള്‍സ്റ്റഡ് സ്ട്രീറ്റിലൂടെ നടന്നുപോകുന്ന ദൃശ്യവും ലഭിച്ചതായി പോലീസ് പറയുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ഡൊണാള്‍ഡ് ട്രൂമാന്‍. ഇയാളെ ഞായറാഴ്ചയാണ് പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഏറെ ആഗ്രഹിച്ച പെണ്‍കുട്ടിയാണ് മരണപ്പെട്ടിരിക്കുന്നതെന്ന് ചാന്‍സലര്‍ മൈക്കിള്‍ ഡി അമിരിദിസ് പറഞ്ഞു. പെണ്‍കുട്ടിയോടുള്ള ആദരസൂചകമായി അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മഞ്ഞനിറത്തിലുള്ള റിബണുകള്‍ കാമ്പസില്‍ ചാര്‍ത്തിയാണ് സഹപാഠികള്‍ അവളോടുള്ള ആദരവ് പ്രകടിപ്പിച്ചത്.