മുംബൈ- മഹാരാഷട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് മുന്നോടിയായി ഉടന്‍ ഇടക്കാല (പ്രൊ-ടെം) സ്പീക്കറെ നിയമിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബുധനാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാനും വൈകുന്നേരം അഞ്ചു മണിക്കു മുമ്പായി എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാനും കോടതി ഉത്തരവിട്ടു. അഞ്ചു മണിക്ക് ഇടക്കാല സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പു നടപടികള്‍ ആരംഭിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നാലെ രാവിലെ പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ആരംഭിക്കേണ്ടതിനാല്‍ ഇടക്കാല സ്പീക്കര്‍ ആരാകണമെന്ന തീരുമാനം ഇന്നു തന്നെ വേണ്ടി വരും.
വിശ്വാസ വോട്ടെടുപ്പ് രഹസ്യമായി വേണ്ടെന്ന് കോടതി ഉത്തരവുണ്ട്. വിഡിയോ പിടിച്ച് നടപടിക്രമങ്ങള്‍ തത്സമയം പുറത്തു വിടണം. ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം. ഓപണ്‍ ബാലറ്റ് ഉപയോഗിച്ചായിരിക്കണം വോട്ടെടുപ്പെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇനി ഇടക്കാല സ്പീക്കറുടെ റോളാണ് വളരെ പ്രധാനം. പാരമ്പര്യമനുസരിച്ച് സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെയാണ് ഇടക്കാല സ്പീക്കറായി നിയമിക്കുക. ഇപ്പോള്‍ സഭയിലെ ഏറ്റവും സീനിയറായ അംഗം എട്ടു തവണ എംഎല്‍എയായ ബാലസാഹബ് തൊറാട്ട് ആണ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് തൊറാട്ട്.
എന്‍സിപി നേതാക്കളായ ദിലീപ് വല്‍സെ പാട്ടീല്‍, അജിത് പവാര്‍, കോണ്‍ഗ്രസ് നേതാവ് കെ സി പദ്വി, ബിജെപി നേതാക്കളായ കാളിദാസ് കൊലംബകര്‍, ബബന്‍ റാവു പച്പുതെ എന്നിവരും ഏഴാം തവണ എംഎല്‍എ ആയവരാണ്. കഴിഞ്ഞ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന ബിജെപി നേതാവ് ഹരിബാവു ബഗ്‌ഡെ, എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബല്‍, ബിജെപിയുടെ രാധാകൃഷ്ണ വിഖെ പാട്ടീല്‍ എന്നിവര്‍ ആറു തവണ എംഎല്‍എ ആയവരാണ്.