കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ ദേശീയ പൗരത്വ പട്ടികാ വിവാദം കൊഴുക്കുന്നതിനിടെ അഭയാര്‍ത്ഥികള്‍ക്ക് ഭൂമി കൈവശാവകാശം നല്‍കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ സ്വകാര്യ ഉടമസ്ഥതയിലുള്ളതോ ആയ മൂന്നേക്കറില്‍ കൂടുതല്‍ ഭൂമിയിലുള്ള എല്ലാ അഭയാര്‍ത്ഥി കോളനികള്‍ക്കും നിയമാംഗീകാരം നല്‍കുമെന്നാണ് പ്രഖ്യാപനം. നബന്നയില്‍ നടന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മമത തീരുമാനം പ്രഖ്യാപിച്ചത്. കുടിയിറക്കപ്പെട്ട എല്ലാവര്‍ക്കും തൃണമൂല്‍ സര്‍ക്കാര്‍ ഭൂമി കൈവശാവകാശ നല്‍കുമെന്നും മമത പറഞ്ഞു. 1971 മുതല്‍ ഇവര്‍ വീടോ ഭൂമിയോ ഇല്ലാതെ കഴിയുകയാണ്. ഇത്രയും കാലം ഇവിടെ കഴിഞ്ഞതിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഈ അംഗീകാരം നല്‍കുന്നതെന്നും മമത പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭൂമിയിലുള്ള ഇത്തം 94 അഭയാര്‍ത്ഥി കോളനികള്‍ക്ക് നേരത്തെ നിയമാംഗീകാരം നല്‍കിയിട്ടുണ്ടെന്നും മമത പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റേയും സ്വകാര്യ ഭൂമിയിലുമുള്ള അഭയാര്‍ത്ഥി കോളനികളെ കുടി അംഗീകരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അവര്‍ കുടിയിറക്കല്‍ നോട്ടീസാണ് നല്‍കിക്കൊണ്ടിരുന്നതെന്നും അവര്‍ പറഞ്ഞു.
ബംഗ്ലദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റേതെന്നും അവരെ വോട്ടു ബാങ്കാക്കി വച്ചിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക നടപ്പാക്കല്‍ നടക്കില്ലെന്ന് തീര്‍ത്തു പറഞ്ഞിരിക്കുകയാണ് മമത. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നാണ് മമത പറഞ്ഞു.