Sorry, you need to enable JavaScript to visit this website.

ഡെന്റൽ മേഖലയിൽ മാർച്ച് 25 മുതൽ സൗദിവൽക്കരണം

റിയാദ് - ഡെന്റൽ മെഡിസിൻ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം. രണ്ടു ഘട്ടങ്ങളിലായി ആകെ 55 ശതമാനം സൗദിവൽക്കരണമാണ് നടപ്പാക്കുന്നത്.

ദന്ത ഡോക്ടർ തൊഴിൽ മേഖലയിൽ ശഅ്ബാൻ ഒന്നു (2020 മാർച്ച് 25) മുതൽ 25 ശതമാനവും രണ്ടാം ഘട്ടത്തിൽ അടുത്ത വർഷം ശഅ്ബാൻ ഒന്നു (2021 മാർച്ച് 14) മുതൽ 30 ശതമാനവും സൗദിവൽക്കരണം നിർബന്ധമാക്കാനാണ് തീരുമാനം. ആരോഗ്യ മന്ത്രാലയവുമായുള്ള ഏകോപനത്തോടെയും പങ്കാളിത്തത്തോടെയും തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് തീരുമാനം പ്രഖ്യാപിച്ചത്. 


മൂന്നും അതിൽ കൂടുതലും വിദേശ ദന്ത ഡോക്ടർമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് പുതിയ തീരുമാനം ബാധകം. സ്വകാര്യ ആശുപത്രികളും പോളിക്ലിനിക്കുകളും മറ്റു സ്ഥാപനങ്ങളും ഇക്കാര്യം പാലിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും മന്ത്രാലയം സ്വീകരിക്കും. ദന്ത ഡോക്ടർ തൊഴിൽ മേഖലയിൽ നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കും.

ആരോഗ്യ മന്ത്രാലയം, കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ്, സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസ്, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി എന്നിവയുമായുള്ള പങ്കാളിത്തത്തോടെയാണ് ദന്ത മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുകയെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. സൗദി ദന്ത ഡോക്ടർമാർക്ക് പരിശീലനവും തൊഴിൽ നിയമനവും നൽകുന്നതിന് മാനവശേഷി വികസന നിധി വഴി സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും ഖാലിദ് അബൽഖൈൽ പറഞ്ഞു. 


ആയിരത്തിലേറെ സൗദി ദന്ത ഡോക്ടർമാർ തൊഴിൽ രഹിതരായുണ്ടെന്നാണ് കണക്കാക്കുന്നത്. സൗദി ദന്ത ഡോക്ടർമാർക്കിടയിലെ തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്ന് അടുത്തിടെ ആരോഗ്യ മന്ത്രി തൗഫീഖ് അൽറബീഅ വ്യക്തമാക്കിയിരുന്നു. സൗദി ഹെൽത്ത് സ്‌പെഷ്യാൽറ്റീസ് കമ്മീഷൻ ലൈസൻസുള്ള 5287 സൗദി ദന്ത ഡോക്ടർമാരും 9729 വിദേശ ദന്ത ഡോക്ടർമാരും രാജ്യത്തുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. കമ്മീഷൻ ലൈസൻസുള്ള 3116 ഡെന്റൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും സൗദിയിലുണ്ട്. ഇക്കൂട്ടത്തിൽ 1651 പേർ സൗദികളും ബാക്കിയുള്ളവർ വിദേശികളുമാണ്. 


വിദേശത്തുനിന്ന് ദന്ത ഡോക്ടർമാരുടെ റിക്രൂട്ട്‌മെന്റ് വിലക്കാൻ വിവിധ മന്ത്രാലയങ്ങൾ ധാരണയിലെത്തിയതായി ആരോഗ്യ മന്ത്രി അടുത്തിടെ അറിയിച്ചിരുന്നു. വിദേശങ്ങളിൽ നിന്നുള്ള ദന്ത ഡോക്ടർമാരുടെ റിക്രൂട്ട്‌മെന്റ് നിർത്തുന്നതോടൊപ്പം സൗദിയിൽ ജോലി ചെയ്യുന്ന വിദേശ ഡോക്ടർമാർക്കു പകരം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് നീക്കം. ഡെന്റൽ മെഡിസിൻ കോഴ്‌സ് പഠിച്ചിറങ്ങുന്ന സൗദികളുടെ എണ്ണം കൂടുതലാണ്. രാജ്യത്ത് ദന്ത ഡോക്ടർമാരുടെ മുഴുവൻ ഒഴിവുകളും നികത്താൻ സ്വദേശി ഡോക്ടർമാർക്ക് കഴിയും. ഏതാനും വർഷങ്ങൾക്കുള്ളിൽ വിദേശങ്ങളിൽനിന്ന് ദന്ത ഡോക്ടർമാരെ റിക്രൂട്ട് ചെയ്യേണ്ട ആവശ്യം ഇല്ലാതാകുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 


സൗദിയിൽ 26 ഡെന്റൽ കോളേജുകളാണുള്ളത്. ഇതിൽ 18 എണ്ണം സർക്കാർ ഡെന്റൽ കോളേജുകളും എട്ടെണ്ണം സ്വകാര്യ സ്ഥാപനങ്ങളുമാണ്. ഡെന്റൽ ഡോക്ടർമാരിൽ സൗദികൾ 25 ശതമാനത്തോളം മാത്രമാണ്. വരും വർഷങ്ങളിൽ വിദേശ ഡെന്റൽ ഡോക്ടർമാരുടെ എണ്ണം പടിപടിയായി കുറക്കാൻ സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസിന് നീക്കമുണ്ട്. 2027 ആകുമ്പോഴേക്കും 21,800 സൗദി ഡെന്റൽ ഡോക്ടർമാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് നീക്കം. 

Latest News