ന്യൂദല്‍ഹി-രാഹുല്‍ ഗാന്ധി എം.പി ഡിസംബര്‍ ആദ്യ ആഴ്ച വയനാട്ടിലെത്തും. 5, 6, 7 തിയതികളില്‍ രാഹുല്‍ വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.വയനാട്ടില്‍ ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ മണ്ഡലത്തിലെ സ്‌കൂളുകളുടെ സ്ഥിതിയും അദ്ദേഹം വിലയിരുത്തിയേക്കും. കോണ്‍ഗ്രസ് ബൂത്തു പ്രവര്‍ത്തകരുടെ യോഗത്തിലും എം.പി സംബന്ധിക്കും.
ഇതിനിടെ വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണ്മാനില്ലെന്ന് മലപ്പുറം എടക്കര പൊലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസാണ് പരാതി നല്‍കിയിരിക്കുന്നത്.രാഹുല്‍ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ല, അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെന്നും അതെല്ലാം നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നു.അജി തോമസിന്റെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മഹാരാഷ്ട്രയില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നുവെന്ന രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി ഇന്ന് ലോക്‌സഭയില്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്ത് വന്നത്.