Sorry, you need to enable JavaScript to visit this website.

രേഖകൾ ചോർന്നു, ചൈനയുടെ മുസ്‌ലിം വിരുദ്ധത പുറത്തായി 

ബീജിംഗ്- രാജ്യത്തെ മുസ്‌ലിം  വിഭാഗങ്ങളുടെ വിശ്വാസങ്ങളും മനസ്സും മാറ്റാൻ അതീവ സുരക്ഷാ ജയിലുകൾ നടത്തുന്നതായി ചൈനയുടെ ഔദ്യോഗിക രേഖകൾ. ഇതാദ്യമായി ഔദ്യോഗിക രേഖകൾ ചോർന്നതോടെയാണ് ചൈനയുടെ മുസ്‌ലിം  വിരുദ്ധ നിലപാടുകൾ പുറംലോകത്ത് വരുന്നത്. സിൻജിയാംഗ് പ്രദേശത്തെ ക്യാമ്പുകൾ നിർബന്ധിത വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വേണ്ടിയാണെന്നാണ് ചൈന ഇതുവരെ അവകാശപ്പെട്ട് വന്നിരുന്നത്. എന്നാൽ ഈ ജയിലുകളിൽ ചൈനക്കാരെ തടങ്കലിലാക്കി വിശ്വാസങ്ങൾ മാറ്റിമറിക്കാനും, ശിക്ഷകൾ നൽകുന്നതുമാണ് രീതിയെന്ന് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ അന്താരാഷ്ട്ര കൺസോർഷ്യത്തിന് ലഭിച്ച ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. ഉയിഗുർ മുസ്‌ലിങ്ങളും മറ്റ് ന്യൂനപക്ഷ മുസ്‌ലിം  വിഭാഗങ്ങളിൽ പെടുന്ന ഒരു മില്ല്യൺ ആളുകളെയാണ് ഈ ജയിലുകളിൽ പാർപ്പിച്ചിരിക്കുന്നതെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രേഖകൾ പറയുന്നു.
ന്യൂനപക്ഷ മതക്കാരെ കുറ്റങ്ങൾ ചെയ്യാതെ തന്നെ അടച്ചുപൂട്ടി ഇവരുടെ മനസ്സും സംസാരിക്കുന്ന ഭാഷയും മാറ്റാനുള്ള ചൈനീസ് സർക്കാരിന്റെ ഗൂഢനീക്കങ്ങളാണ് രഹസ്യ രേഖകൾ ചോർന്നതോടെ പുറത്തുവന്നത്. ഡാറ്റയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് സാമൂഹിക നിയന്ത്രണവും ബീജിംഗ് നടത്തിവരുന്നതായി രേഖകൾ വ്യക്തമാക്കി. ചൈനയിലെ പ്രധാന ഭാഷയായ മാൻഡാറിൻ എത്ര നന്നായി സംസാരിക്കുന്നു എന്നത് അടിസ്ഥാനമാക്കി തടവുകാർക്ക് സ്‌കോർ നൽകിവരുന്നുണ്ട്.
കൂടാതെ കുളിക്കാനും കക്കൂസ് ഉപയോഗിക്കാനും വരെ കർശനമായ നിയമങ്ങളുണ്ട്. സങ്കീർണമായ സ്‌കോർ നോക്കിയാണ് തടവുകാരെ മോചിപ്പിക്കുന്നത്. വർഷങ്ങൾ ക്യാമ്പിൽ പാർപ്പിച്ച ശേഷമാണ് ഇവർക്ക് അടിസ്ഥാന പരിശീലനങ്ങൾ നൽകുന്നത്. ഇസ്ലാമിക തീവ്രവാദം തടയാനാണ് ഉയിഗുർ മുസ്‌ലിങ്ങളെ നന്നാക്കാനുള്ള ശ്രമങ്ങളെന്നാണ് ചൈനീസ് ന്യായീകരണം. എന്നാൽ രേഖകളിൽ പറയുന്ന വിവരങ്ങൾ വ്യാജ വാർത്തയാണെന്ന് പറഞ്ഞ് തള്ളുകയാണ് ചൈനീസ് അധികൃതർ.

Latest News