Sorry, you need to enable JavaScript to visit this website.

ശക്തമായ മഴയും മണ്ണിടിച്ചിലും; കെനിയയിൽ 60 മരണം 

ശക്തമായ മഴയിലും മണ്ണിടിച്ചിലിലും ദുരിതത്തിലായ കെനിയയിലെ വെസ്റ്റ് പോക്കോട്ട് കൗണ്ടി. 

നെയ്‌റോബി- അതിശക്തമായ മഴയേയും മണ്ണിടിച്ചിലിനേയും തുടർന്ന് കെനിയയിൽ മരിച്ചവരുടെ എണ്ണം 60 ആയി. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം രക്ഷാപ്രവർത്തന ദൗത്യത്തിന് വേഗത കൂട്ടാൻ കെനിയൻ പ്രസിഡന്റ് ഉഹുറു കെനിയാത്ത സുരക്ഷാ സൈന്യത്തെ വിന്യസിച്ചു. ഉഗാണ്ടയുമായി അതിർത്തി പങ്കിടുന്ന വെസ്റ്റ് പൊകോട്ട് മേഖലയിലാണ് വെള്ളിയാഴ്ച കനത്ത മഴ ആരംഭിച്ചത്. മണ്ണിടിച്ചിലിൽ പെട്ട് ഏഴ് പേരെ കാണാതായതായും റിപ്പോർട്ടുകൾ ഉണ്ട്. കാറിൽ സഞ്ചരിക്കുകയായിരുന്ന അഞ്ച് പേർ ഒഴുക്കിൽപ്പെട്ടും രണ്ട് പേർ നദി കരകവിഞ്ഞതിനെത്തുടർന്നും മുങ്ങിമരിച്ചു. ഇത്രയും ഭീതിജനകമായ ദുരന്തം മുമ്പ് കണ്ടിട്ടില്ലെന്ന് വെസ്റ്റ് പൊകോട്ട് മേഖലയുടെ ഗവർണറായ ജോൺ ക്രോപ് ലോന്യാൻഗാപുവോ പറഞ്ഞു. നാല് പാലങ്ങൾ ഒലിച്ചുപോയതോടെ പല ഗ്രാമങ്ങളിലേക്കും എത്തിപ്പെടാനുള്ള രക്ഷാപ്രവർത്തകരുടെ ശ്രമം വിഫലമായി. 500ഓളം വാഹനങ്ങളാണ് വിവിധ റോഡുകളിൽ കുടുങ്ങിക്കിടക്കുന്നത്. രക്ഷാസേനക്ക് ചില പ്രദേശങ്ങളിലേക്കെത്തിപ്പെടാൻ 4 മണിക്കൂറോളം നടക്കേണ്ടിവന്നത് രക്ഷാപ്രവർത്തനത്തിന്റെ വേഗം കുറയാൻ കാരണമായി. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത ഉള്ളതായി അധികൃതർ അറിയിച്ചു.
 

Latest News