മുംബൈ- മഹാരാഷ്ട്രയില്‍ ഭൂരിപക്ഷമില്ലാത്ത ബിജെപി എന്‍സിപി പിന്തുണ അവകാശപ്പെട്ട് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ഭൂരിപക്ഷ തെളിയിച്ച് ശിവ സേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം. മുംബൈയിലെ ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ സഖ്യത്തിലെ 162 എംഎല്‍എമാര്‍ അണിനിരന്നു. ശിവ സേനാ തലവന്‍ ഉദ്ധവ് താക്കറെ, മകന്‍ ആദിത്യ താക്കറെ, എന്‍സിപി നേതാവ് ശരത് പവാര്‍, മകള്‍ സുപ്രിയ സുലെ തുടങ്ങി നേതാക്കളുടെ നിരയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. മഹാരാഷ്ട്ര വികാസ് അഘാഡി എന്ന പുതിയ സഖ്യത്തോട് എംഎല്‍എമാര്‍ കൂറ് പ്രഖ്യാപിച്ച് പ്രതിജ്ഞയുമെടുത്തു. 'ഞാന്‍ ഒരു വാ്ഗ്ദാനങ്ങളിലും വീഴില്ല. ഞാന്‍ ഒരു വിധത്തിലും ബിജെപിയെ പിന്തുണയ്ക്കില്ല. ഞാന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടില്ല' എന്നായിരുന്ന പ്രതിജ്ഞയിലെ വാചകങ്ങള്‍. 'ഞങ്ങള്‍ 162' എന്നെഴുതിയ പോസ്റ്ററുകളും ഉയര്‍ത്തിപ്പിടിച്ചാണ് എംഎല്‍എമാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ കൂറ്റന്‍ ചിത്രവും ഉണ്ടായിരുന്നു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ക്കു കത്തു നല്‍കിയതിനു പിന്നാലെയാണ് സഖ്യത്തിന്റെ ശക്തി പ്രകടനം. സത്യമെവ ജയതെ എന്ന തത്വത്തില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ വേര്‍പ്പിരിക്കാന്‍ കഴിയുന്നവരെ വെല്ലുവിളിക്കുന്നു- സംഗമത്തില്‍ സംസാരിച്ച ഉദ്ധവ് താക്കറെ പറഞ്ഞു. എന്‍സിപിയുടെ എല്ലാ എംഎല്‍എമാരും കൂടെയുണ്ടെന്ന് ശരത് പവാര്‍ പറഞ്ഞു.
ശക്തി പ്രകടനത്തിന് സാക്ഷിയാകാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ നേരത്തെ ശിവസേന വക്താവ് സഞ്ജയ് റാവത്ത് ക്ഷണിച്ചിരുന്നു. വൈകീട്ട് ഏഴു മണിക്ക് ഹയാത് ഹോട്ടലില്‍ ഞങ്ങളുടെ 162 എംഎല്‍എമാരേയും ഒറ്റകെട്ടായി ഒരുമിച്ച് കാണാം. ഗവര്‍ണര്‍ക്കു നേരിട്ടു വന്നു കാണാം- റാവത്ത് ട്വീറ്റ് ചെയ്തിരുന്നു.