മുംബൈ- മഹാരാഷ്ട്രയില്‍ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിമത നീക്കത്തിലൂടെ അവസരമൊരുക്കിയ എന്‍സിപി നേതാവ് അജിത് പവാറിന് പ്രതിഫലം കിട്ടിത്തുടങ്ങി. ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ അജിത് പവാറിനെതിരായ 70,000 കോടി രൂപയുടെ ജലസേചന പദ്ധതി കുംഭകോണവുമായി ബന്ധപ്പെട്ട 20 കേസുകളില്‍ ഒമ്പത് കേസുകളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം അവസാനിപ്പിച്ചു. ഈ കേസുകള്‍ അജിത് പവാറുമായി ബന്ധമുള്ളവയല്ലെന്ന് മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ വൃത്തങ്ങള്‍ അറിയിച്ചതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു. ക്ലീന്‍ ചിറ്റ് നല്‍കിയത് സാധാരണ നടപടിയാണെന്നും ഉന്നത ഉദ്യോഗസ്ഥനായ പരംബീര്‍ സിങ് പറഞ്ഞു. കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിന്റെ ഭരണകാലത്ത് സംസ്ഥാനത്ത് നടപ്പാക്കിയ വിവിധ ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട ക്രമക്കേടുകളും അഴിമതിയുമാണ് ഈ കേസുകളില്‍ അന്വേഷിക്കുന്നത്.
ഈ കേസുകള്‍ ഉയര്‍ത്തിക്കാട്ടി ഭീഷണിപ്പെടുത്തിയാണ് അജിത് പവാറിനെ ബിജെപി കൂടെ കൂട്ടിയതെന്ന ആരോപണം സാധൂകരിക്കുന്നതാണ് പുതിയ നീക്കങ്ങള്‍. എന്‍സിപി നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് അജിത് ബിജെപിക്ക് പിന്തുണ നല്‍കിയത്. എന്‍സിപിയുടെ എല്ലാ എംഎല്‍എമാരുടേയും പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നെങ്കിലും 51 എംഎല്‍എമാരും പാര്‍ട്ടി നേതാവ് ശരത് പവാറിനു പിന്തുണ അറിയിച്ച് രംഗത്തുണ്ട്.
ബിജെപി ഭരണകാലത്ത് നിരന്തരം അഴിമതി കേസുകള്‍ നേരിട്ടയാളാണ് അജിത് പവാര്‍. 2014ല്‍ ഫഡ്‌നാവിസ് ആദ്യ തവണ മുഖ്യമന്ത്രിയായി അധികാരമേറ്റയുടന്‍ ആദ്യമായി എടുത്ത തീരുമാനങ്ങളിലൊന്ന് അജിത് പവാറിനെതിരായ 70,000 കോടി രൂപയുടെ ജലസേചന പദ്ധതിയിലെ അഴിമതി അന്വേഷണമായിരുന്നു. ബിജെപിയും ഫഡ്‌നാവിസും അജിതിനെ അഴിമതിക്കേസ് ചൂണ്ടിക്കാട്ടി നിരന്തരം വേട്ടയാടിയിട്ടുണ്ട്. കഴിഞ്ഞ മാസം മഹാരാഷ്ട്രയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് അജിത് പവാറിനും ശരത് പവാറിനുമെതിരെ സഹകരണ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്തത്.