ലണ്ടന്‍- അമേരിക്കന്‍ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തു വിട്ട് ലോകത്തെ അമ്പരിപ്പിച്ച വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ബ്രിട്ടനിലെ അതിസുരക്ഷാ ജയിലില്‍ മരണാസന്ന നിലയിലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. 48കാരനായ അസാന്‍ജ് ജയിലില്‍ വച്ച് മരിച്ചേക്കാമെന്നും ആരോഗ്യ നില മോശമാണെന്നും ചൂണ്ടിക്കാട്ടി അറുപതിലേറെ ഡോക്ടര്‍മാര്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് തുറന്ന കത്തെഴുതി. ചാരവൃത്തി കേസില്‍ ബ്രിട്ടനില്‍ നിന്നും അസാന്‍ജിനെ വിട്ടുകിട്ടാനുള്ള നിയമ പോരാട്ടത്തിലാണ് യുഎസ് ഇപ്പോഴും. 175 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് യുഎസ് അസാന്‍ജിനുമേല്‍ ചുമത്തിയിട്ടുള്ളത്. തെക്കുകിഴക്കന്‍ ലണ്ടനിലെ കുപ്രസിദ്ധവും അതീവ രഹസ്യ സ്വഭാവമുള്ളതുമായ ജയിലായ ബെല്‍മാര്‍ഷ് ജയിലിലാണ് ഏപ്രില്‍ മുതല്‍ അസാന്‍ജിനെ തടവിലിട്ടിരിക്കുന്നത്. ഈ ജയിലില്‍ നിന്നും വിവരങ്ങളൊന്നും പുറത്തു വരില്ല.
അസാന്‍ജിന് ശാരീരികമായും മാനസികമായും വിദഗ്ധ ചികിത്സ ആവശ്യമാണ്. ഇതിനായി ജയിലില്‍ നിന്നും അസാന്‍ജിനെ എല്ലാ സംവിധാനങ്ങളുമുള്ള ഒരു യൂണിവേഴ്‌സിറ്റി ടീചിങ് ഹോസ്പിറ്റലിലേക്ക് മാറ്റണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒക്ടോബര്‍ 21ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോഴുള്ള ദൃക്‌സാക്ഷി മൊഴികളും യുഎന്‍ പ്രത്യേക പ്രതിനിധി നില്‍സ് മെല്‍സറിന്റെ റിപോര്‍ട്ടും വിലയിരുത്തിയാണ് അസാന്‍ജിന്റെ ആരോഗ്യ സ്ഥിതി മനസ്സിലാക്കിയതെന്ന് 16 പേജുകള്‍ വരുന്ന കത്തില്‍ ഡോക്ടര്‍മാര്‍ പറയുന്നു. ആറു മാസത്തിനു ശേഷം ആദ്യമായാണ് ഒക്ടോബറില്‍ അസാന്‍ജിനെ പുറത്തു കണ്ടത്. വളരെ ക്ഷീതിനായാണ് അദ്ദേഹം കാണപ്പെട്ടത്. ഏകാന്ത തടവും പീഡനവും അസാന്‍ജിന്റെ ജീവിതം കവര്‍ന്നേക്കാമെന്ന് യുഎന്നിന്റെ സ്വതന്ത്ര മനുഷ്യാവകാശ വിദഗ്ധന്‍ ചൂണ്ടിക്കാട്ടിയിരുന്നു.