Sorry, you need to enable JavaScript to visit this website.

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് 'ബന്ധം' ഉപേക്ഷിച്ചു

ന്യുദല്‍ഹി- രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷത പദവി ഉപേക്ഷിച്ചതോടെ ഉള്‍വലിഞ്ഞ അദ്ദേഹത്തിന്റെ അടുപ്പകാരില്‍ ഒരാളായ യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററില്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. മുന്‍ എംപി, മുന്‍ മന്ത്രി എന്നൊക്കയായിരുന്നു ജ്യോതിരാദിത്യയുടെ ട്വിറ്റര്‍ ബയോ. എന്നാല്‍ ഇതിപ്പോള്‍ വെറും പൊതു സേവകന്‍, ക്രിക്കറ്റ് പ്രേമി എന്നാക്കി മാറ്റിയിരിക്കുകയാണ്. മധ്യപ്രദേശിലെ ഗുണ മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. രാഹുലിനു ശേഷം സോണിയ ഗാന്ധി താല്‍ക്കാലിക കോണ്‍ഗ്രസ് അധ്യക്ഷയായി തിരിച്ചെത്തിയതോടെ കാര്യമായ പരിഗണന ലഭിക്കാത്ത യുവ നേതാക്കളില്‍ ഒരാളാണ് സിന്ധ്യ. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കവും ഈ മാറ്റത്തിനു പിന്നിലുണ്ടോ എന്ന് സംശയമുണ്ട്. എന്നാല്‍ ട്വിറ്ററിലെ ഈ മാറ്റം ഒരു മാസം മുമ്പ് ചെയ്തതാണെന്നും എന്തു കൊണ്ട് ഇപ്പോള്‍ വലിയ വാര്‍ത്തയായി എന്നറിയില്ലെന്നും ജ്യോതിരാദിത്യ പ്രതികരിച്ചു. 

കോണ്‍ഗ്രസുമായി തനിക്കു പ്രശ്‌നമുള്ളതായി അടുത്ത കാലത്തായി സിന്ധ്യ നടത്തിയ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. വായ്പാ ഇളവ്, വെള്ളപ്പൊക്ക ദുരിതാശ്വാസം, പവര്‍ കട്ട് തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കമല്‍ നാഥ് സര്‍ക്കാരിനെ അടിക്കാന്‍ ഇത് ബിജെപിക്ക് വടിയാകുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ കശ്മീര്‍ നടപടിയേയം സിന്ധ്യ പരസ്യമായി പിന്തുണച്ചിരുന്നു.
 

Latest News