ന്യൂദൽഹി- പാർലമെന്റിൽ പ്രതിഷേധിച്ച കോൺഗ്രസ് അംഗം രമ്യ ഹരിദാസിന് നേരെ കയ്യേറ്റം. സഭാ മാർഷൽമാരെ ഉപയോഗിച്ചാണ് രമ്യഹരിദാസിന് നേരെ കയ്യേറ്റമുണ്ടായത്. ലോക്‌സഭയിലെ പുരുഷ മാർഷൽമാരെ നിയോഗിച്ചാണ് രമ്യഹരിദാസിനെ പുറത്തേക്ക് നീക്കിയത്. സ്ത്രീ എന്ന പരിഗണന പോലും നൽകാതെയാണ് തന്നെ പാർലമെന്റിൽനിന്ന് പിടിച്ചുവലിച്ചു പുറത്തിറക്കിയതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ഇതിനെതിരെ സ്പീക്കർക്ക് പരാതി നൽകിയെന്നും രമ്യ വ്യക്തമാക്കി. സുപ്രീം കോടതി പോലും ആരെയോ ഭയപ്പെടുകയാണെന്ന് വ്യക്തമാക്കിയ രമ്യ ഹരിദാസ് രാജ്യത്തിന്റെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് മുന്നോട്ടുപോകുമൈന്നും രമ്യ വ്യക്തമാക്കി. തമിഴ്‌നാട്ടിൽനിന്നുളള എം.പി ജ്യോതിമണിയെയും പുരുഷ മാർഷൽമാർ തന്നെയാണ് പുറത്തേക്ക് മാറ്റിയത്. ഇതിനെതിരെ ഉച്ചക്ക് രണ്ടു മണിക്ക് സഭ ചേരുമ്പോൾ ശക്തമായ പ്രതിഷേധം നടത്താൻ തീരുമാനിച്ചു. മഹാരാഷ്ട്രയിൽ കേന്ദ്ര സർക്കാർ ഒത്താശയോടെ ബിജെപി നടത്തിയ അസാധാരണ നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.പിമാർ പാർലമെന്റിൽ ബഹളം വെച്ചിരുന്നു. തുടർന്ന് പ്രതിഷേധിച്ച ഹൈബി ഈഡനേയും ടി എൻ പ്രതാപനേയും സ്പീക്കർ ഓം ബിർല സഭയിൽ നിന്നു പുറത്താക്കി. സഭ ചേർന്നയുടൻ കോൺഗ്രസ് അംഗങ്ങൾ ജനാധിപത്യത്തെ കൊലചെയ്യുന്നത് അവസാനിപ്പിക്കൂ എന്നെഴുതിയ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തുകയായിരുന്നു. പ്ലക്കാർഡ് ഒഴിവാക്കാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ്് എംപിമാർ കൂട്ടാക്കിയില്ല. തുടർന്നാണ് സ്പീക്കർ അംഗരക്ഷകരെ ഇറക്കി പ്രതിഷേധക്കാരെ നേരിട്ടത്. സഭാ മാർഷൽമാർ ഇടപെട്ടതോടെ രമ്യ ഹരിദാസ് ഉൾപ്പെടെയുള്ള എംപിമാർ അവരുമായി വാഗ്വാദമുണ്ടാക്കി. ഡീൻ കൂര്യാക്കോസ് മാർഷൽമാരെ തടയാനും ശ്രമിച്ചു. കോൺഗ്രസിനൊപ്പം ഡിഎംകെ, ഇടതു കക്ഷികൾ തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ കൂടി ബിജെപിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രാജ്യസഭയിലും ബഹളമുണ്ടായി. സഭ രണ്ടു മണി വരെ നിർത്തിവച്ചു.