ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ ശനിയാഴ്ച രാവിലെ ബിജെപി ഞൊടിയിടയില്‍ സര്‍ക്കാര്‍ രൂപീകരിച്ച നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ നാളെ രാവിലെ 10.30ന് വിധി പറയുമെന്ന് സുപ്രീം കോടതി. വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്നകാര്യത്തിലാണ് സുപ്രീം കോടതി തീരുമാനം വരാനിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട ബിജെപിക്ക് ഇന്നത്തെ കോടതി തീരുമാനം ആശ്വാസമായി. ഇന്നോ നാളെയോ വിശ്വാസ വോട്ടെടുപ്പു നടത്തണമെന്നാണ് പരാതിക്കാരായ ശിവ സേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം കോടതിയില്‍ ആവശ്യപ്പെട്ടത്.
170 എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ ക്ഷണിച്ചതെന്ന് ബിജെപി സുപ്രീം കോടതിയില്‍ പറഞ്ഞു. എന്നാല്‍ 154 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ഉടന്‍ തന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസ വോട്ടെടുപ്പു നടത്തണമെന്നും ശിവസേനാ സഖ്യം ആവശ്യപ്പെട്ടു. കോടതി ഒരു മണിക്കൂറോളം വിശദമായി വാദം കേട്ടെങ്കിലും വിധി നാളത്തേക്കു മാറ്റി.
മന്ത്രിസഭയുടെ അനുമതിയില്ലാതെ രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രത്യേക നിയമം പ്രയോഗിക്കുകയും പുലര്‍ച്ചെ 5.47ന് രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഉത്തരവിറക്കുകയും 7.50ന് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്ത നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ശിവ സേനാ സഖ്യം വാദിച്ചു.