നസീരിയ- അഴിമതിക്കും തൊഴിലില്ലായ്മക്കുമെതിരെ ഇറാഖിലെ വിവിധ പട്ടണങ്ങളില്‍ പ്രക്ഷോഭം നടത്തിയ ജനക്കൂട്ടങ്ങള്‍ക്കുനേരെ സുരക്ഷാ സേന നടത്തിയ വെടിവെയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കറ്റു.
തെക്കന്‍ തുറമുഖ പട്ടണമായ ഉം ഖസറില്‍ നടന്ന വെടിവെയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഇറാഖി മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. അമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തുനിന്ന് എണ്ണ കയറ്റുമതി ചെയ്യുന്ന പ്രധാന തുറമുഖം ഇവിടെയാണ്. തുറമുഖം വളയാന്‍ ശ്രമിച്ച പ്രക്ഷോഭകരെ പിരിച്ചുവിടാനാണ് പോലീസ് വെടിവെച്ചതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
ബഗ്ദാദിന് തെക്ക് നസീരിയയില്‍ പ്രക്ഷോഭകര്‍ക്കുനേരേ പോലീസ് നടത്തിയ വെടിവെയ്പിലും മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 47 പേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭകര്‍ യൂഫ്രട്ടീസ് നദിക്കു കുറുകെയുള്ള അഞ്ച് പാലങ്ങള്‍ പിടിച്ചെടുക്കുകയും വാഹന ഗതാഗതം തടയുകയും ചെയ്തിരിക്കുകയാണ്.
ഇറാഖി സര്‍ക്കാരിന്റെ നിര്‍ജീവമായ ഭരണത്തിലും അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ഒക്‌ടോബര്‍ ഒന്നുമുതലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭമാരംഭിച്ചത്. ശിയാ ഭൂരിപക്ഷമുള്ള തെക്കന്‍ മേഖലയിലാണ് പ്രക്ഷോഭം കൂടുതല്‍ ശക്തം. ഇതുവരെ 350 ഓളം പേരാണ് അക്രമങ്ങളിലും പോലീസ് വെടിവെയ്പിലും കൊല്ലപ്പെട്ടത്.