ഗോമ- ഡി.ആര്‍ കോംഗോയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് വിമാനം തകര്‍ന്നുവീണ് 23 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഗോമ പട്ടണത്തിലെ വിമാനത്താവളത്തില്‍നിന്ന് ടേക്കോഫ് ചെയ്ത് ഡ്രോണിയര്‍ 228 ഇനത്തില്‍ പെട്ട ചെറു വിമാനമാണ് ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നുവീണത്. 23 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും, വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് മാകുണ്ടി അറിയിച്ചു.
രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള പട്ടണമാണ് ഗോമ. ഇവിടെനിന്ന് 350 കിലോമീറ്റര്‍ വടക്കുള്ള ബെനിയിലേക്ക് പുറപ്പെട്ടതായിരുന്നു സ്വകാര്യ വിമാന കമ്പനിയായ ബി.സി ബീ എയര്‍ലൈന്റെ വിമാനം. രാവിലെ 9.10 ന് പുറപ്പെട്ട വിമാനത്തില്‍ 17 യാത്രക്കാരും രണ്ട് ജീവനക്കാരും മാത്രമാണുണ്ടായിരുന്നതെന്ന് കമ്പനി ഉദ്യോഗസ്ഥനായ ഹെരീതിയര്‍ സെയ്ദ് മാമദു പറഞ്ഞു. സമീപ കാലത്ത് മാത്രം പ്രവര്‍ത്തനമാരംഭിച്ച ബി.സി ബീക്ക് മൂന്ന് വിമാനങ്ങള്‍ മാത്രമേയുള്ളു. പ്രധാനമായും വടക്കന്‍ പ്രവിശ്യയായ കിവുവില്‍ മാത്രമാണ് കമ്പനിയുടെ സര്‍വീസുകള്‍. സാങ്കേതിക തകരാറാണ് വിമാനം തകരാന്‍ കാരണമെന്ന് ഒരു കമ്പനി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.