ന്യൂദല്‍ഹി- അയോധ്യ കേസില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാട് ജനങ്ങളുടെ ജുഡീഷ്യറിയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി.
കോടതി വിധിക്ക് ശേഷം ഐക്യവും സമാധാനവും നിലനിര്‍ത്തിയ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ജനങ്ങള്‍ സ്വീകരിച്ച നിലപാട് രാജ്യത്തിന്റെ വിവിധതയും വൈവിധ്യത്തേയുമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ, 'മന്‍ കി ബാത്ത്' എന്ന പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഈ പരിപാടിയുടെ 59ാമത് എഡിഷനാണ് ഇന്ന് സംപ്രേഷണം ചെയ്തത്.
'എക്‌സാം വാരിയര്‍' എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കുന്ന അടുത്ത എപ്പിസോഡ് പരീക്ഷയ്ക്ക് മുന്‍പ് തന്നെ പ്രക്ഷേപണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ പരിപാടിയിലൂടെ അദ്ദേഹം കൊഹിമ, ന്യൂഡല്‍ഹി, റോഹ്തക് എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍സിസി കേഡറ്റുകളുമായി സംവദിച്ചു. എന്‍സിസി കേഡറ്റില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തനിക്കു നേരിട്ട അനുഭവങ്ങള്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി പങ്കുവയ്ക്കുകയുണ്ടായി.
എന്നാല്‍, രാഷ്ട്രീയക്കാരനല്ലെങ്കില്‍ എന്തു ജോലിയാണ് ചെയ്യുകയെന്ന ഡല്‍ഹിയില്‍നിന്നുള്ള യുവാവിന്റെ ചോദ്യത്തിന് രാഷ്ട്രീയക്കാരനാകാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ കഴിയുന്നത്ര മികച്ച രീതിയില്‍ ചുമതല പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.