ന്യൂദൽഹി- സുപ്രീം കോടതിയിൽ ആകാശം മാത്രമാണ് പരിധിയെന്നും ഇവിടെ ആർക്കും എന്തുവേണമെങ്കിലും ചോദിക്കാമെന്നും ജസ്റ്റിസ് എൻ.വി രമണ. മഹാരാഷ്ട്രാ സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന ഹരജിയിൽ വാദം കേൾക്കവെയാണ് ജസ്റ്റിസ് ഇങ്ങിനെ പറഞ്ഞത്. ആർക്കും ആരെ വേണമെങ്കിലും പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടാമെന്നും ജസ്റ്റിസ് വ്യക്തമാക്കി. എല്ലാ കേസുകളിലും സുപ്രീം കോടതി രണ്ടുവർഷത്തിനുള്ളിൽ തീർപ്പു കൽപ്പിക്കണമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നാൽ എന്തു ചെയ്യുമെന്ന് ബി.ജെ.പിക്കു വേണ്ടി ഹാജരായ മുകുൾ റോത്തഗി ചോദിച്ചു. അങ്ങനെയുണ്ടായാൽ തങ്ങൾക്ക് അത്ഭുതമില്ലെന്നായിരുന്നു ജസ്റ്റിസ് രമണയുടെ മറുപടി. ഗവർണറുടെ തീരുമാനം കോടതിക്ക് ചോദ്യം ചെയ്യാൻ അവകാശമില്ലെന്ന് മുകുൾ റോത്തഗി ചൂണ്ടിക്കാട്ടിയപ്പോൾ ഗവർണർക്ക് ആരെയും നിയമിക്കാനാവില്ലെന്ന് ജസ്റ്റിസ് രമണ തിരിച്ചടിച്ചു.