ന്യൂദല്‍ഹി/മുംബൈ- മഹാരാഷ്ട്ര സംഭവ വികാസങ്ങളില്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി രാവിലെ 11.30 ന് വാദം കേള്‍ക്കും.
രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നതിന് കേന്ദ്രം നടത്തിയ നീക്കവും ദേവേന്ദ്ര ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയുമാണ് ഹരജിയില്‍ ചോദ്യം ചെയ്യുന്നത്.
ജസ്റ്റിസുമാരായ എന്‍.വി. രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ശിവസേന,എന്‍.സി.പി,കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമം അന്തിമ ഘട്ടത്തിലെത്തിയപ്പോഴാണ് ശനിയാഴ്ച രാവിലെ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് എന്‍.സി.പിയിലെ അജിത് പവാറിന്റെ പിന്തുണയോടെ ഫഡ് നാവിസ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.
അഴിമതിക്കാരനായി മുദ്രകുത്തി ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റിരുന്നു.
മരുമകനായ അജിത് പവാര്‍ സ്വന്തം തീരുമാനപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും ഭൂരിപക്ഷമില്ലെന്നും ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ചതാണെന്നും എന്‍.സി.പി നേതാവ് ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു.
സത്യപ്രതിജ്ഞയില്‍ പങ്കെടുത്ത എം.എല്‍.എമാര്‍ എന്‍.സി.പിയുടെ ഓഫീസില്‍ എത്തിയത് പവാറിന്റെ പ്രസ്താവനയാണ് ശരിയെന്ന് തെളിയിക്കുന്നു.