Sorry, you need to enable JavaScript to visit this website.

സ്‌കൂളുകളിൽ ശുചീകരണ തൊഴിലാളികൾ വേണം: ഹരജിയിൽ സർക്കാറിന് നോട്ടീസ്‌

കൊച്ചി - സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹരജിയിൽ സർക്കാറിന്റെ വിശദീകരണം തേടി. സർക്കാർ സ്‌കൂളുകളിലെ പ്രൈമറി സ്‌കൂൾ ഉൾപ്പെടെയുള്ളവയിൽ പാർട്ട് ടൈം മിനിയൽ സ്റ്റാഫിനെ നിയമിക്കുന്നതിന് 2019 ഒക്‌ടോബറിൽ സർക്കാർ അനുമതി നൽകിയിരുന്നു. 
എന്നാൽ സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകളിൽ മിനിയൽ സ്റ്റാഫ് നിയമനത്തിന് ഇതുവരെ അനുമതി നൽകിയില്ലെന്ന് ഹരജിയിൽ പറയുന്നു. 
സുൽത്താൻ ബത്തേരിയിലെ സ്‌കൂളിൽ മതിയായ മിനിയൽ സ്റ്റാഫുകൾ ഇല്ലാത്തതാണ് വിദ്യാർഥിനിയുടെ മരണത്തിലേക്ക് നയിച്ചതെന്നും ഹരജിക്കാർ വ്യക്തമാക്കി. 
വിദ്യാലയങ്ങളും പരിസരവും ശുചിയാക്കാത്തതാണ് ഇഴജന്തുക്കളുടെ സാന്നിധ്യത്തിനു കാരണമെന്നും ഹരജിക്കാരൻ പറയുന്നു. ശുചീകരണ പ്രവൃത്തികൾക്ക് മിനിയൽ സ്റ്റാഫുകളുടെ നിയമനം അനിവാര്യമാണെന്നും ഹരജിക്കാരൻ വ്യക്തമാക്കി. വിവിധ ജില്ലകളിലെ വിദ്യാഭ്യാസ മേധാവികൾക്ക് മിനിയൽ തസ്തികക്ക് അനുമതി തേടി നിവേദനം നൽകിയെങ്കിലും എയ്ഡഡ് സ്‌കൂളുകളുടെ ആവശ്യം പരിഗണിക്കാത്തതിനെ തുടർന്നാണ് ഹരജിക്കാരൻ ഹൈക്കോടതിയെ സമീച്ചത്. 
സ്വഛ് ഭാരത്, സ്വഛ് വിദ്യാലയം എന്നത് വെറും മുദ്രാവാക്യം മാത്രമാണെന്നും സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു ഹരജിയിൽ പറയുന്നു. എയ്ഡഡ് സ്‌കൂളുകളിൽ സർക്കാർ സ്‌കൂളുകൾക്കുള്ളതുപോലെ തന്നെ മൂത്രപ്പുരയും കക്കൂസും നിർമിച്ചിരിക്കണമെന്നാണ് ചട്ടം. ഇതൊക്കെ വൃത്തിയാക്കുന്നതിന് എയ്ഡഡ് സ്‌കൂളുകൾക്ക് അനുമതി നൽകാത്തത് വിവേചനമാണെന്നും ഭരണഘടനയുടെ ലംഘനമാണെന്നും ഹരജി ഭാഗം ആരോപിക്കുന്നു. കൈപമംഗലം എ.എം.യു.പി സ്‌കൂൾ മാനേജർ അഭിഭാഷകരായ  വി.എ. മുഹമ്മദ്, എം. സജ്ജാദ് എന്നിവർ മുഖേന സമർപ്പിച്ച ഹരജിയിലാണ് സർക്കാറിനോടും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റും വിശദീകരണം ബോധിപ്പിക്കാൻ നിർദേശം നൽകിയത്.

Latest News