Sorry, you need to enable JavaScript to visit this website.

വിദ്യാർഥിനിയുടെ മരണം: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്നു മന്ത്രി സി. രവീന്ദ്രനാഥ് 

ബത്തേരി -ക്ലാസ് മുറിയിൽ വിദ്യാർഥിനി  ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. ഷഹലയുടെ പുത്തൻകുന്നിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിന്റെ വിശദമായ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.   സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും  ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കും.  ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും  വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ   നേതൃത്വത്തിൽ പരിശോധന നടത്തും.  ഏതെങ്കിലും വിദ്യാലയത്തിൽ  ക്ലാസ് മുറികളിലും ശുചിമുറികളിലും പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കുന്നതിനു  സത്വര നടപടി സ്വീകരിക്കും.  ഇതിനു പാക്കേജ് തയാറാക്കി ഫണ്ട് അനുവദിക്കും. സർവജന സ്‌കൂളിൽ കെട്ടിടം പണിയുന്നതിനു  കിഫ്ബി മുഖേന ഒരു കോടി രൂപ മുമ്പ് അനുവദിച്ചിട്ടുണ്ട്.ക്ലാസ് മുറികളുടെ ശോച്യാവസ്ഥ ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് രണ്ട് കോടി രൂപ കൂടി നൽകും.  നഗരസഭ എസ്റ്റിമേറ്റ് സമർപ്പിക്കുന്ന മുറയ്ക്കു  തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷി മന്ത്രി വി.എസ്.സുനിൽ കുമാറിനൊപ്പമാണ് വിദ്യാഭ്യാസ മന്ത്രി ഷഹലയുടെ വീട് സന്ദർശിച്ചത്. ഷഹലയുടെ കുടുംബാംഗങ്ങളെ  മന്ത്രിമാർ ആശ്വസിപ്പിച്ചു. 
കുടുംബത്തിന്  നേരിട്ട വേദനയിൽ പങ്കുചേരുന്നതായി  അറിയിച്ചു. ഗവ.സർവജന  വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലും മന്ത്രിമാർ സന്ദർശനം നടത്തി. എം.എൽ.എമാരായ ഐ.സി.ബാലകൃഷ്ണൻ, സി.കെ. ശശീന്ദ്രൻ, മുനിസിപ്പൽ ചെയർമാൻ ടി.എൽ.സാബു, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, സി.പി.എം നേതാക്കളായ വി.വി.ബേബി, കെ.ശശാങ്കൻ, സി.കെ.സഹദേവൻ തുടങ്ങിയവർ മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു. മന്ത്രിമാർ കാൽ മണിക്കൂറിലധികം ഷഹലയുടെ വീട്ടിൽ ചെലവഴിച്ചു.

 

Latest News