മുംബൈ- മഹാരാഷ്ട്രയിൽ നേരത്തെ തീരുമാനിച്ചതുപോലെ എൻ.സി.പി.-ശിവസേന-കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് നേതാക്കൾ. ശിവസേന നേതാവ് ഉദ്ധവ് താക്കറെയും എൻ.സി.പി ദേശീയ പ്രസിഡന്റ് ശരദ് പവാറും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അജിത് പവാർ പാർട്ടിയെ ചതിച്ചാണ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതെന്നും ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്നും പവാർ പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ചതുപോലെ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേൽക്കുമെന്നും പവാർ അറിയിച്ചു. ഇന്ന് രാവിലെ അജിത് പവാറിനൊപ്പം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത മൂന്ന് എം.എൽ.എമാരെയും ശരദ് പവാർ പത്രസമ്മേളനത്തിൽ പങ്കെടുപ്പിച്ചു. എം.എൽ.എമാരെ തെറ്റിദ്ധരിപ്പിച്ചാണ് അജിത് പവാർ ഗവർണറുടെ വസതിയിലേക്ക് കൊണ്ടുപോയതെന്നും ശരദ് പവാർ ആരോപിച്ചു. അജിത് പവാർ വിളിച്ചത് അനുസരിച്ചാണ് പോയതെന്നും പാർട്ടി തീരുമാനത്തിന് വിരുദ്ധമായ നടപടിയാണ് പവാർ സ്വീകരിക്കാൻ പോകുന്നതെന്ന് അറിയില്ലായിരുന്നുവെന്നും ഒരു എം.എൽ.എ പറഞ്ഞു. അജിത് പവാർ പെട്ടെന്ന് വിളിച്ച യോഗത്തിൽ എട്ടു പത്ത് എം.എൽ.എ മാർ പങ്കെടുത്തുവെന്നും എ്‌നാൽ ഇത് ബി.ജെ.പിക്ക് പിന്തുണ നൽകുന്നതിനുള്ള കൂടിച്ചേരലാണെന്ന് കരുതിയില്ലെന്നും മറ്റൊരു എം.എൽ.എ വ്യക്തമാക്കി. എൻ.സി.പി-ശിവസേന-കോൺഗ്രസ് സഖ്യത്തിനൊപ്പം നിൽക്കുമെന്നും ഈ എം.എൽ.എമാരും അറിയിച്ചു.
മഹാരാഷ്ട്രക്കെതിരായ ബി.ജെ.പിയുടെ മിന്നലാക്രമണമാണ് നടന്നതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.