മുംബൈ- മഹാരാഷട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ ശിവ സേനയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. എന്‍ഡിഎ സഖ്യം വിട്ട ശേഷം ബിജെപിക്കെതിരെ ശക്തമായി രംഗത്തുണ്ടായിരുന്ന ശിവസേന വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് ഇനിയെങ്കിലും മിണ്ടാതിരിക്കണെന്ന് ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. അദ്ദേഹമാണ് ശിവസേനയെ നശിപ്പിച്ചത്. ഇപ്പോള്‍ വായടക്കുന്നതാണ് നല്ലത്- പാട്ടില്‍ പറഞ്ഞു. ഫഡ്‌നാവിസ് അധികാര ദാഹിയാണെന്നു വിശേഷിപ്പിച്ച റാവത്ത് രണ്ടാഴ്ചയായി ബിജെപിയെ കടന്നാക്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ബിജെപി-ശിവസേന സഖ്യത്തെ വോട്ടു ചെയ്തു ജയിപ്പിച്ച ജനങ്ങളെ ശിവ സേന ചതിക്കുകയായിരുന്നെന്ന് പാട്ടീല്‍ പറഞ്ഞു. ഫലം വന്നതു മുതല്‍ ശിവസേന ബദലിനെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ എന്‍സിപി നേതാവ് അജിത് പവാറിന്റെ അനുയായികളുടേതടക്കം ബിജെപി സര്‍ക്കാരിന് 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി നേതാവ് ഗിരിഷ് മഹാജന്‍ പറഞ്ഞു. തനിക്കൊപ്പമുള്ള എംഎല്‍എമാരുടെ പിന്തുണ അറിയിച്ച് എന്‍സിപി സഭാനേതാവ് കൂടിയായ അജിത് പവാര്‍ ഗവര്‍ണര്‍ക്ക് ഭഗത് സിങ് കോഷിയാരിക്ക് കത്തു നല്‍കിയിട്ടുണ്ട്. ഇതു പ്രകാരം എല്ലാ എന്‍സിപി എംഎല്‍എമാരും ബിജെപിയെ പിന്തുണച്ചിട്ടുണ്ടെന്നും മഹാജന്‍ പറഞ്ഞു.