മുംബൈ- ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രൂപീകരണ ശ്രമത്തിനിടെ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കിയ എന്‍സിപി നേതാവ് അജിത് പവാര്‍ പിന്നില്‍ നിന്ന് കുത്തുകയായിരുന്നെന്ന് ശിവ സേന നേതാവ് സഞ്ജയ് റാവത്ത്. എന്‍സിപി തലവന്‍ ശരത് പവാറിനു ഈ നീക്കവുമായി ബന്ധമില്ലെന്നും അജിത് പവാറും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എന്‍സിപി എംഎല്‍എമാരും മഹാരാഷ്ട്രക്കാരെ പിന്നില്‍ നിന്ന് കുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി ഒമ്പതു മണി വരെ അജിത് പവാര്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആളാണ്. ഇതിനു ശേഷം മറുകണ്ടം ചാടിയത് അമ്പരിപ്പിച്ചു. കണ്ണില്‍ നോക്കിയല്ല അദ്ദേഹം സംസാരിച്ചിരുന്നത്. പാപം ചെയ്യാന്‍ പോകുന്നയാളുടെ കണ്ണുകളെ പോലെയായിരുന്നു അദ്ദേഹത്തിന്റേത്- റാവത്ത് പറഞ്ഞു. ഉദ്ധവ് താക്കറെയും ശരത് പവാറും പരസ്പരം ബന്ധപ്പെട്ടു വരികയായിരുന്നു. ഇന്നും ഇവര്‍ തമ്മില്‍ ചര്‍ച്ച ഉണ്ട്.
ശിവ സേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ഈ കൂട്ടുകെട്ടില്‍ 17 എന്‍സിപി എംഎല്‍എമാര്‍ക്ക് അമര്‍ഷമുണ്ടെന്ന് നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അജിത് പവാറിനൊപ്പമുള്ള എന്‍സിപി എംഎല്‍എമാര്‍ ആരൊക്കെയാണെന്ന് ഇപ്പോള്‍ വ്യക്തമല്ല.