മുംബൈ- മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരമാകുന്നു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ സമവായത്തിലെത്തി. ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകുമെന്ന് മൂന്ന് പാര്‍ട്ടികളുടെയും നേതാക്കള്‍ പങ്കെടുത്ത യോഗത്തിനു ശേഷം എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ മാധ്യമങ്ങളെ അറിയിച്ചു.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുന്ന കാര്യത്തില്‍ എല്ലാ കക്ഷികളും തമ്മില്‍ അഭിപ്രായ ഐക്യത്തില്‍ എത്തിയതായി ശരത് പവാര്‍ പറഞ്ഞു. ഗവര്‍ണറെ കാണുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. എല്ലാ കക്ഷികളും ചേര്‍ന്ന് ഇന്ന് വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. ഇതിനു ശേഷം ഒട്ടും വൈകാതെ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കാണുമെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു.
സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിനൊരുങ്ങുന്ന ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന് മഹാരാഷ്ട്രാ വികാസ് അഘാടി എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ശിവസേക്ക് മുഖ്യമന്ത്രി പദം പങ്കുവെക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യോജിപ്പിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ബി.ജെ.പി - ശിവസേനാ സഖ്യം തകര്‍ന്നതും പ്രതിസന്ധി ഉടലെടുത്തതും.